NADAMMELPOYIL NEWS
JUNE 26/2023

ആലപ്പുഴ : നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കണ്ടെടുത്തു.
നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിട്ടുണ്ട്. കേസിലെ നിര്‍ണായക രേഖകളാണ് കണ്ടെടുത്തത്. പ്രതിക്ക് പെട്ടെന്ന് ഒളിവില്‍ പോകേണ്ടി വന്നതിനാല്‍ ഇത് ഒളിപ്പിക്കാനായില്ലെന്നാണ് കരുതുന്നത്. സി പി എം ജില്ലാ കമ്മിറ്റി ഡിഗ്രി ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോള്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് നിഖില്‍ കൊടുത്തത്. യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാലയുടെ പക്കലാണെന്നായിരുന്നു നിഖില്‍ പറഞ്ഞത്.
അതേ സമയം, വ്യാജരേഖ ചമച്ച കൊച്ചിയിലെ സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ ഓറിയോണ്‍ ഏജന്‍സിയില്‍ ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. മുന്‍ എസ്‌എഫ്‌ഐ നേതാവായ അബിന്‍ സി രാജ് കൊച്ചിയിലെ ഒറിയോണ്‍ ഏജന്‍സി വഴി രണ്ടു ലക്ഷം രൂപയ്ക്കാണ് തനിക്ക് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച്‌ നല്‍കിയെന്നാണ് നിഖിലിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ അബിനെയും പൊലീസ് പ്രതിയാക്കിയിട്ടുണ്ട്.
നിഖില്‍ തോമസിനെ കഴിഞ്ഞ ദിവസം കോട്ടയം സ്റ്റാൻഡില്‍ വച്ച്‌ കെ എസ് ആര്‍ ടി സി ബസില്‍ നിന്നാണ് പൊലീസ് പൊക്കിയത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് എസ് എഫ് ഐ മുൻ ഏരിയ പ്രസിഡന്റ് അബിൻ സി രാജിനെതിരെ നിഖില്‍ മൊഴി നല്‍കിയത്. അബിൻ കൊച്ചിയിലെ സ്വകാര്യ റിക്രൂട്ട്മെന്റ് ഏജൻസിയായ ഒറിയോണ്‍ ഏജൻസി വഴിയാണ് രണ്ടു ലക്ഷം രൂപയ്ക്ക് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച്‌ നല്‍കിയത്. നിലവില്‍ മാലി ദ്വീപിലുള്ള അബിൻ സി രാജിനായി കേരളാ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടും. അബിൻ സി രാജിനായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കാനാണ് നീക്കം. മാലിദ്വീപില്‍ ജോലി ചെയ്യുന്ന അബിനെ നാട്ടിലെത്തിക്കുന്നതിന് വേണ്ടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *