NADAMMELPOYIL NEWS
JUNE 24/2023
സല്‍ത്താൻ ബത്തേരി: പ്രമുഖ വ്യവസായിയുടെ ബന്ധുവാണെന്ന വ്യാജേന സ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുത്ത് ജുവലറി ജീവനക്കാരെ കബളിപ്പിച്ച് സ്വര്‍ണ നാണയങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ യുവാവിനെ മണിക്കൂറുകള്‍ക്കകം പൊലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് തിക്കോടി സ്വദേശി വടക്കെപുരയില്‍ റാഹില്‍ (28) ആണ് പിടിയിലായത്.
സുല്‍ത്താൻ ബത്തേരിയിലെ സ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുത്ത യുവാവ് ബത്തേരിയിലെ ഒരു ജുവലറിയില്‍ വിളിച്ച് 10 സ്വര്‍ണനാണയങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടു. സ്വര്‍ണം ബില്ല് ചെയ്ത ശേഷം റിസോര്‍ട്ടിലേക്ക് കൊണ്ടുവന്നാല്‍ പണം നല്‍കാമെന്ന് പറഞ്ഞു. ഇതുപ്രകാരം ജുവലറി ജീവനക്കാരൻ അരപവന്റെ ആറ് നാണയങ്ങളും ഒരു പവന്റെ നാല് നാണയങ്ങളുമായി റിസോര്‍ട്ടിലെത്തി റാഹിലിന് കൈമാറി. തന്റെ മാഡത്തിന് സ്വര്‍ണ നാണയങ്ങള്‍ പരിശോധിക്കണമെന്നും അവര്‍ തൊട്ടടുത്ത മുറിയിലുണ്ടെന്നും പറഞ്ഞശേഷം നാണയങ്ങളുമായി പുറത്തേക്ക് പോയി. അല്‍പ്പ സമയത്തിന് ശേഷം തിരിച്ചെത്തി സ്വര്‍ണ നാണയങ്ങള്‍ ഇഷ്ടപ്പെട്ടെന്നും പണം എണ്ണുന്നതിനുള്ള മെഷീൻ കാറിലാണെന്നും അത് എടുത്തിട്ട് വരാമെന്ന് പറഞ്ഞ് മുങ്ങുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ച് വരാതായതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. റിസോര്‍ട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് മറ്റ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി. കല്‍പ്പറ്റയിലെ ഒരു സ്ഥാപനത്തില്‍ ഒരു സ്വര്‍ണനാണയം വിറ്റ ഇയാള്‍ കോഴിക്കോട് ഭാഗത്തേക്ക് രക്ഷപ്പെടുന്നതിനിടെ കുന്ദമംഗലത്ത് വച്ച് പൊലീസ് പിടികൂടുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാന സ്വഭാവത്തിലുള്ള തട്ടിപ്പ് ഇതിന് മുമ്ബ് ഇയാള്‍ നടത്തിയതായി പൊലീസ് പറഞ്ഞു.