NADAMMELPOYIL NEWS
JUNE 21/2023
തിരുവനന്തപുരം: വ്യാജ ഡിഗ്രി വിവാദത്തില്‍ നിഖില്‍ തോമസിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.
കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചില്‍ നടത്തുന്നത്. നിഖില്‍ ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. നിഖിലിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാനം ലൊക്കേഷന്‍ കണ്ടെത്തിയത്.
അതേസമയം, നിഖില്‍ തോമസിന്‍റെ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ കലിംഗ സര്‍വകലാശാല റായ്പുര്‍ പൊലീസില്‍ പരാതി നല്‍കില്ല. കേരള പൊലീസ് അന്വേഷണം മതിയെന്നാണ് തീരുമാനം. അഭിഭാഷകരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തട്ടിപ്പ് നടന്നതും നിഖില്‍ ഉള്ളതും കേരളത്തില്‍ കേരള പൊലീസ് അന്വേഷണമാണ് ഉചിതമെന്നും കലിംഗ സര്‍വകലാശാല അറിയിച്ചു. പൊലീസ് കൊണ്ടുവന്നത് സര്‍വകലാശാല സര്‍ട്ടിഫിക്കറ്റിൻ്റെ മാതൃകയിലുള്ളതാണ്. സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിച്ചത് ആരെന്ന് കണ്ടെത്തണം. അന്വേഷണം പൂര്‍ത്തിയായാല്‍ ഉടൻ യുജിസിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കലിംഗ രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കി എസ്‌എഫ്‌ഐ നേതാവ് നിഖില്‍ തോമസ്, എംകോം പ്രവേശനം നേടിയ സംഭവത്തില്‍ സിപിഎമ്മും കുരുക്കില്‍. പാര്‍ട്ടി നേതാവിന്‍റെ ഇടപെടല്‍ കാരണമാണ് നിഖിലിന് പ്രവേശനം നല്‍കിയതെന്ന് കായംകുളം എംഎസ്‌എം കോളേജ് മാനേജര്‍ മാധ്യമങ്ങളോട് പറഞ്ഞതോടെയാണ് സിപിഎമ്മും വെട്ടിലായത്. പ്രവേശന സമയപരിധി കേരള സര്‍വകലാശാല നീട്ടിയതും കോളേജ് മാനേജ്മെന്റ് ആവശ്യപ്പെട്ടതിനെയും തുടര്‍ന്നാണ് നിഖിലിന് പ്രവേശനം നല്‍കിയതെന്ന് മുൻ പ്രിൻസിപ്പല്‍ വെളിപ്പെടുത്തിയതോടെ ഉന്നത ഇടപെടല്‍ നടന്നെന്ന സംശയം കൂടുതല്‍ ബലപ്പെട്ടു.
നേതാവിന്‍റെ പേര് പറഞ്ഞില്ലെങ്കിലും സിപിഎമ്മിനെ ആകെ വെട്ടിലാക്കുന്നതാണ് എംഎസ്‌എം കോളേജ് മാനേജറുടെ പ്രതികരണം. നിഖിലിൻ്റെ പ്രവേശനത്തിന് കായംകുളത്തെ സിപിഎമ്മിലെ പ്രമുഖ നേതാവ് ഇടപെട്ടെന്ന ആക്ഷേപം തുടക്കം മുതല്‍ സജീവമാണ്. കേരള സര്‍വകലാശാല സിൻഡിക്കേറ്റ് അംഗം കൂടിയായ കെ എച്ച് ബാബുജാനാണ് പിന്നിലെന്ന ആരോപണം പ്രതിപക്ഷം നേരത്തെ ഉയര്‍ത്തിയിരുന്നു. അതേസമയം, ബാബുജാനാണോ ശുപാര്‍ശ ചെയ്തതെന്ന ചോദ്യത്തില്‍ നിന്നും മാനേജര്‍ ഒഴിഞ്ഞുമാറി. നിഖിലിനെ സംരക്ഷിക്കാൻ ശ്രമിച്ച് വെട്ടിലായ എസ്‌എഫ്‌ഐയുടെ നീക്കത്തില്‍ സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്. എന്നാല്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുള്ള നിഖിലിനായി ശുപാര്‍ശ ചെയ്തതത് പാര്‍ട്ടി നേതാവാണെന്ന തുറന്ന് പറച്ചിലില്‍ പാര്‍ട്ടി കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.