കലാപം തുടരുന്ന മണിപ്പൂരില്‍ കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പ്. സുരക്ഷ സേനകളുടെ യൂണിഫോം ധരിച്ച് അക്രമികള്‍ വെടിവെയ്പ് നടത്തിയേക്കാമെന്നാണ് ഇൻ്റലിജൻസ് മുന്നറിയിപ്പ് നല്‍കുന്നത്.പൊലീസിൻ്റെ ആയുധശേഖരം കൊള്ളയടിക്കപ്പെട്ടു എന്നാണ് വിവരം. അതേസമയം, കേന്ദ്രസഹമന്ത്രി രാജ് കുമാര്‍ രഞ്ജന്‍റെ വീടിന് തീവച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ടിട്ടും മണിപ്പൂരില്‍ അശാന്തി പടരുകയാണ്. ചുരചന്ദ്പൂര്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ് എന്നിവിടങ്ങളില്‍ കനത്ത ജാഗ്രതയാണ് നിലനില്‍ക്കുന്നത്. കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് മുൻ കരസേന മേധാവി വേദ പ്രകാശ് മാലിക് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയേയും അമിത് ഷായേയും ടാഗ് ചെയ്താണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ജീവൻ ഏത് നിമിഷവും നഷ്ടപ്പെട്ടേക്കാമെന്ന് റിട്ട. ലഫ് ജനറല്‍ നിഷികാന്ത സിംഗ് അഭിപ്രായപ്പെട്ടു. ഇംഫാല്‍ സ്വദേശിയാണ് നിഷികാന്ത സിംഗ്.
മെയ്തെയ് വിഭാഗത്തിൻ്റെ പട്ടിക വര്‍ഗ പദവിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മണിപ്പൂരില്‍ കലാപത്തില്‍ കലാശിച്ചത്. ഗോത്ര വിഭാഗങ്ങളും ഗ്രോത വിഭാഗങ്ങളല്ലാത്തവരും തമ്മിലുള്ള സംഘര്‍ഷമാണ് മണിപ്പൂരില്‍ നടക്കുന്നത്. ജനസംഖ്യയുടെ 64 ശതമാനമത്തോളം വരുന്ന ഗ്രോത്രതര വിഭാഗമാണ് മെയ്തെയ്. ഇവര്‍ ഭൂരിഭാഗവും ഹിന്ദു സമുദായത്തില്‍പ്പെട്ടതാണ്. 35 ശതമാനത്തോളം വരുന്ന നാഗ, കുക്കി വിഭാഗത്തിലുള്ള ഗോത്ര വിഭാഗക്കാര്‍ ഭൂരിഭാഗവും ക്രിസ്ത്യൻ സമുദായത്തില്‍പ്പെട്ടവരാണ്.
തങ്ങളുടെ സാമൂഹിക പിന്നോക്കവസ്ഥ പരിഗണിച്ച് പട്ടിക വര്‍ഗ്ഗ പദവി വേണമെന്ന് മെയ്തെയ് വിഭാഗക്കാര്‍ ദീര്‍ഘനാളായി ഉയര്‍ത്തുന്ന വിഷയമാണ്. 1949 ല്‍ മണിപ്പൂര്‍ ഇന്ത്യയോട് ചേരുന്നത് വരെ തങ്ങളെ ഗോത്രമായാണ് പരിഗണിച്ചിരുന്നതെന്നും എന്നാല്‍ അതിന് ശേഷം പദവി നഷ്ടമായെന്നും മെയ്തെയ് വാദിക്കുന്നു. എന്നാല്‍ ഇതിനെ നാഗ, കുക്കി വിഭാഗങ്ങള്‍ എതിര്‍ക്കുകയാണ്. മെയ്തെയ് വിഭാഗത്തിന് 60 അംഗ നിയമസഭയിലെ 40 സീറ്റുകളില്‍ പ്രാതിനിധ്യം ഉണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മെയ്തെയ്ക്ക് പട്ടികവര്‍ഗ പദവി ലഭിക്കുന്പോള്‍ തങ്ങളുടെ ജോലി സാധ്യത അടക്കം കുറയുമെന്നും നാഗ കുക്കി വിഭാഗങ്ങള്‍ ആരോപിക്കുന്നു.
വിവാദം ഇങ്ങനെ നില്‍ക്കെ അടുത്തിടെ ഇതില്‍ മെയ്തെയ് വിഭാഗത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍പെടുത്താനുള്ള ആവശ്യത്തെ ഹൈക്കോടതി പിന്തുണച്ചു. അതിനായുള്ള നടപടികളെടുക്കാൻ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പ്രതിഷേധവുമായി നാഗ, കുക്കി വിഭാഗങ്ങള്‍ എത്തി. മെയ് 3ന് ട്രൈബല്‍ സ്റ്റുഡൻസ് യൂണിയൻ നടത്തിയ പ്രതിഷേധപ്രകടനത്തിന് പിന്നാലെ ഇരു വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. നിരവധി വീടുകളും ആരാധാനാലയങ്ങളും വാഹനങ്ങളും അഗ്നിക്കിരയായി. വലിയ കലാപത്തിലേക്ക് കാര്യങ്ങള്‍ കടന്നതോടെ സംസ്ഥാനത്ത് സൈന്യത്തെയും ദ്രുത കര്‍മ്മസേനയേയും നിയോഗിച്ചിരിക്കുകയാണ്.