NADAMMELPOYIL NEWS
APRIL 09/2023

മലപ്പുറം: ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ട കാവനൂര്‍ പാലക്കോട്ടുപറമ്ബില്‍ കൊളങ്ങര ഇത്തികുട്ടി മകള്‍ സെറീന (34 വയസ്) യുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ചു മാതാവും സഹോദരനും അരീക്കോട് പോലിസില്‍ പരാതി നല്‍കി.ഭര്‍ത്താവ് ചീക്കോട് മുണ്ടക്കല്‍ ബിലന്‍കൊട് മുഹമ്മദ് മകന്‍ സിദ്ധീഖിനെതിരെയാണ് യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയത്.
ഭര്‍തൃ വീട്ടില്‍ വെച്ച്‌ നിരന്തരം സെറീനയെ ഇയാള്‍ മര്‍ദ്ദിക്കുമായിരുന്നു. നേരത്തെ പല സമയത്തും മര്‍ദ്ദനം സഹിക്കവയ്യാതെ സ്വന്തം വീട്ടില്‍ വരുന്ന സെറീനയെ ഇയാള്‍ കൂട്ടി കൊണ്ട് പോകുകയായിരുന്നു. ഒരാഴ്ച മുമ്ബ് ഇയാളുടെ മര്‍ദ്ദനത്തില്‍ യുവതിക്ക് സാരമായ പരിക്കേറ്റു.

കഴിഞ്ഞ നാല് ദിവസമായി യുവതി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കഴുത്തിനു അടിയേറ്റ സെറീനക്ക് വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത അവസ്ഥയായിരുന്നു. ശാരീരികമായും മാനസികമായും തളര്‍ന്ന യുവതി ചൊവ്വാഴ്ച വൈകുന്നേരം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരണത്തിനു കീഴടങ്ങി. എന്നാല്‍ ആശുപത്രിയില്‍ തെറ്റിദ്ധരിപ്പിച്ചു ഭര്‍ത്താവ് സിദ്ധീഖ് മൃതദ്ദേഹം ചീക്കോട് മുണ്ടക്കല്‍ വീട്ടിലേക്ക് വളരെ വേഗത്തില്‍ കൊണ്ട് പോയിരുന്നു. ഇത് നാട്ടുകാര്‍ ചോദ്യം ചെയ്യുകയും അരീക്കോട് പോലിസില്‍ പരാതി നല്‍കുകയും ചെയ്തു.
പോലിസ് ഇന്‍സ്പെക്ടര്‍ അബ്ബാസലിയുടെ നേതൃത്വത്തില്‍ പോലിസ് വീട്ടിലെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈകുന്നേരം ആറ് മണിക്ക് സെറീനയുടെ മഹല്ലില്‍ കാവനൂര്‍ തവരാപറമ്ബ് ജുമാ മസ്ജിദില്‍ മൃദദേഹം കബറടക്കി.

17 വര്‍ഷം മുമ്ബാണ് സിദ്ധീഖ്മായുള്ള ഇവരുടെ വിവാഹം നടന്നത്. 14 ഉം ആറും ഉം വയസുള്ള രണ്ട് ആണ്‍കുട്ടികളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *