NADAMMELPOYIL NEWS
APRIL 06/2023
കോഴിക്കോട്: എലത്തൂര്‍ തീവണ്ടി ആക്രമണക്കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ മഞ്ഞപ്പിത്തം മൂലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.
കരളിന്റെ പ്രവര്‍ത്തനത്തില്‍ ചെറിയ പ്രശ്നങ്ങളുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. രക്ത പരിശോധന നടത്തിയപ്പോള്‍ ഉണ്ടായ സംശയങ്ങളെ തുടര്‍ന്നാണ് പ്രതിയെ വീണ്ടും വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയത്. ഷാരുഖിന്റെ ദേഹത്തുള്ള പരുക്കുകളുടെ സ്വഭാവവും പഴക്കവും ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു.
ബുധനാഴ്ച്ച മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്നും പിടിയിലായ ഷാരൂഖിനെ ഇന്ന് പുലര്‍ച്ചെയോടെയാണ് കേരളത്തിലെത്തിച്ചത്. കോഴിക്കോട് മാലൂര്‍ കുന്ന് പൊലീസ് ക്യാമ്ബിലെത്തിച്ച പ്രതിയെ പ്രാഥമിക ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയത്.
കോഴിക്കോട്ടേക്കുള്ള വഴിമധ്യേ കണ്ണൂര്‍ മേലൂരിന് സമീപത്ത് വെച്ച് പ്രതിയടക്കം ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കേരള പൊലീസിന്റെ വാഹനം പഞ്ചറായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയാണ് വാഹനം തകരാറിലായത്.
തുടര്‍ന്ന് ഒരു മണിക്കൂറിലേറെ പ്രതിയുമായി വാഹനം വഴിയില്‍ കിടന്നത് കൃത്യനിര്‍വഹണത്തിലെ വീഴ്ച്ചയായി. മറ്റൊരു വാഹനം എത്തിച്ചാണ് പ്രതിയുമായി പൊലീസ് സംഘം കോഴിക്കോട്ടേക്കെത്തിയത്.
തലപ്പാടി അതിര്‍ത്തി ചെക്ക് പോസ്റ്റ് വരെ ഇന്നോവ കാറിലായിരുന്നു സംഘത്തിന്റെ യാത്ര. പിന്നീട് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ച് യാത്ര ഫോര്‍ച്യൂ ണറിലേക്ക് മാറ്റി. കണ്ണൂരില്‍ നിന്ന് മമ്മാക്കുന്ന് ധര്‍മ്മടം റൂട്ടില്‍ യാത്ര തിരിച്ചതും നേരത്തേ ലഭിച്ച നിര്‍ദേശത്തിന്‍റെ ഭാഗമായിരുന്നു. എന്നാല്‍ പുലര്‍ച്ചെയോടെ കാറിന്റെ പിന്‍ഭാഗത്തെ ടയര്‍ പൊട്ടുകയായിരുന്നു. എകദേശം 45 മിനിറ്റിനു ശേഷം എടക്കാട് പൊലീസ് സ്ഥലത്ത് എത്തിയാണ് വാഹനത്തിന് സുരക്ഷ ഒരുക്കിയത്. കണ്ണൂര്‍ എടിഎസിന്റെ ബൊലേറോ ജീപ്പ് പകരം എത്തിച്ചുവെങ്കിലും ഈ വാഹനത്തിന്റെയും എഞ്ചിന്‍ തകരാര്‍ അയി. പിന്നീട് 4.45 ഓടെ സ്വകാര്യ കാര്‍ എത്തിച്ചാണ് യാത്ര കോഴിക്കോട്ടേക്ക് തിരിച്ചത്