കോഴിക്കോട് വയനാട് ജില്ലകളെയും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന ഹൈ വേ (NH 766) കടന്നുപോകുന്നത്. താമരശ്ശേരി ചുരം വഴിയാണ്. വളരെ തിരക്കേറിയതും പല ഇടളിലും വീതികുറഞ്ഞതുമായ ഈ റോഡിൽ അപകടങ്ങളും ഗതാഗത കുരുക്കുകളും പതിവാണ്. ഈ പ്രശ്നങ്ങൾ പലപ്പോഴും ജനങ്ങളുടെ ജീവന് ഭീഷണിയായി മാറുന്നുണ്ട്.

താമരശ്ശേരി ചുരത്തിൽ അടിക്കടി ഉണ്ടാകുന്ന അപകടങ്ങൾ, ഗതാഗത തടസ്സങ്ങൾ എന്നിവ പരിഹരിക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗവും ട്രക്ക്, ലോറി ഓപ്പറേറ്റർ മാരുടെ യോഗവും ചേർന്ന് ചർച്ചകൾ നടത്തിയിരുന്നു.

ഒഴിവു ദിനങ്ങളിലും തിരക്കുകൂടിയ സമയങ്ങളിലുമാണ് ഇത്തരം ഗതാഗത കുരുക്കും അപകടങ്ങളും ഉണ്ടാകുന്നതു. അനധികൃത പാർക്കിങ്, അമിതഭാരം കയറ്റിയ വാഹനങ്ങൾ, അമിത വലുപ്പമുള്ള വാഹനങ്ങൾ എന്നിവയാണ് ഗതാഗതകുരുക്ക് സൃഷ്ടിക്കുന്നതിൽ പ്രധാനം. കൂടാതെ നിയമം പാലിക്കാതെയുള്ള ഡ്രൈവിംഗ്, റോഡിലെ കൈയ്യേറ്റങ്ങൾ എന്നിവയും അപകടങ്ങളുടെയും ദുരന്തങ്ങളുടെയും തീവ്രത കൂട്ടുന്നതായി യോഗത്തിൽ വിലയിരുത്തി.

ഈ സാഹചര്യത്തിൽ ജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന ഗതാഗത കുരുക്കും അപകടങ്ങളും ഒഴിവാക്കാനും യാത്രകൾ സുഗമമാക്കാനുമായി ദുരന്ത നിവാരണ നിയമം 2005 ലെ 26,30,34,71 എന്നീ വകുപ്പുകൾ അനുസരിച്ചു താഴെപറയുന്ന നിയന്ത്രണങ്ങൾ നിരോധനങ്ങൾ ഏർപ്പെടുത്തി.

ശനി, ഞായർ ഉൾപ്പെടെയുള്ള പൊതു ഒഴിവ് ദിവസങ്ങളിലും രണ്ടാം ശനിയോട് ചേർന്ന് വരുന്ന വെള്ളിയാഴ്ചകളിലും വൈകുന്നേരം മൂന്നു മണി മുതൽ രാത്രി ഒൻപത് മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ സമയങ്ങളിൽ ആറു ചക്രത്തിൽ കൂടുതലുള്ള ടിപ്പറുകൾ, പത്ത് ചക്രത്തിൽ കൂടുതലുള്ള മറ്റ് ചരക്ക് വാഹനങ്ങൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ, ഓവർ ഡൈമെൻഷനൽ ട്രക്ക് എന്നിവയ്ക്ക് ചുരത്തിലൂടെയുള്ള പ്രവേശനം അനുവദിക്കില്ല. തിങ്കളാഴ്ച്ചകളിൽ രാവിലെ ആറ് മുതൽ ഒമ്പത് മണി വരെയും ചുരത്തിൽ നിയന്ത്രണമുണ്ടാകും.

ചുരത്തിലുണ്ടാകുന്ന അപകടങ്ങൾ, വാഹന തകരാറുകൾ എന്നിവ അടിയന്തിരമായി പരിഹരിച്ചു ഗതാഗതം പുനഃസ്ഥാപിക്കാനായി വാഹന അറ്റകുറ്റപ്പണി വിദഗ്ധരെയും അടിയന്തിര ഉപകരണങ്ങളുടെ ഓപ്പറേറ്റർമാരെയും ഉൾപ്പെടുത്തി എമർജൻസി സെന്റർ സംവിധാനവും ഏർപ്പെടുത്തും. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ചുരത്തിൽ വാഹനങ്ങളെ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ചുരത്തിലെ എല്ലാ കടകളും സ്ഥാപനങ്ങളും അവരുടെ അമ്പത് മീറ്റർ ചുറ്റളവിലുള്ള എല്ലാ മാലിന്യവും സ്വയം നീക്കം ചെയ്യണം. അല്ലാത്തപക്ഷം പോലീസും പഞ്ചായത്തും ബന്ധപ്പെട്ട സ്ഥാപന ഉടമകളിൽ നിന്നും പിഴ ഈടാക്കും.

താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, പോലീസ്, മോട്ടോർ വാഹന വകുപ്പ്, പഞ്ചായത്ത്, ചുരം സംരക്ഷണ സമിതി,ദുരന്ത നിവാരണ അതോറിറ്റി എന്നിവരുടെ സംയുക്ത യോഗത്തിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *