NADAMMELPOYIL NEWS
MARCH 31/2023
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ‘കരുതലും കൈത്താങ്ങും’ എന്ന പേരില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക്തല അദാലത്തുകള്‍ മേയ് രണ്ടു മുതല്‍ ജൂണ്‍ നാല് വരെ നടക്കും.
ഏപ്രില്‍ ഒന്നു മുതല്‍ പത്തു വരെ ഓണ്‍ലൈനായും അക്ഷയകേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികള്‍ നല്‍കാം. www.karuthal.kerala.gov.in എന്ന വെബ്സൈറ്റിലാണ് പരാതികള്‍ സമര്‍പ്പിക്കേണ്ടത്. പരാതിക്കാരുടെ പേര്, വിലാസം, മൊബൈല്‍ നമ്ബര്‍, ജില്ല, താലൂക്ക് എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്തണം. ഏപ്രില്‍ ഒന്നു മുതല്‍ പത്തു വരെയുള്ള പ്രവൃത്തിദിവസങ്ങളില്‍ പൊതുജനങ്ങളില്‍ നിന്ന് താലൂക്ക് ഓഫീസുകളില്‍ നേരിട്ടും പരാതി സ്വീകരിക്കും. ലഭിക്കുന്ന പരാതികള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി ജില്ലാ അദാലത്ത് മോണിറ്ററിംഗ് സെല്ലിന് സോഫ്റ്റ്വെയറിലൂടെ കൈമാറും. അദാലത്തില്‍ പങ്കെടുക്കുന്നതിന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അറിയിപ്പ് നല്‍കും. അദാലത്ത് സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിന് താലൂക്ക് ഓഫീസുകളില്‍ അന്വേഷണ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.
അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കൈയേറ്റം തുടങ്ങി ഭൂമി സംബന്ധമായ പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം, തണ്ണീര്‍ത്തട സംരക്ഷണം, വീട്, വസ്തു, ലൈഫ് പദ്ധതി, വിവാഹം/ പഠനസഹായം മുതലായ ക്ഷേമപദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും അദാലത്തില്‍ പരിഗണിക്കും. പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, സമൂഹിക സുരക്ഷാ പെന്‍ഷന്‍ കുടിശിക ലഭിക്കല്‍, പെന്‍ഷന്‍ എന്നീ കാര്യങ്ങളും അദാലത്തില്‍ പരിശോധിക്കും. പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്‌കരണം, തെരുവുനായ ശല്യവും സംരക്ഷണവും, തെരുവ്വിളക്കുകള്‍, അപകടനിലയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നത്, അതിര്‍ത്തി തര്‍ക്കം, വഴി തടസപ്പെടുത്തല്‍, വയാജന സംരക്ഷണം, കെട്ടിട നിര്‍മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവ അദാലത്തില്‍ ഉന്നയിക്കാം. പൊതുജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷന്‍ കാര്‍ഡ്, വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം, അതിനുള്ള നഷ്ടപരിഹാരം, വിവിധ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച അപേക്ഷകള്‍/ പരാതികള്‍, വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/ സഹായം, കൃഷി നാശത്തിനുള്ള സഹായം, കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇലഷ്വറന്‍സ് തുടങ്ങിയവയാണ് മറ്റു വിഷയങ്ങള്‍.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, മത്സ്യബന്ധന തൊഴിലാളികളുടെ വിഷയങ്ങള്‍, ആശുപത്രികളിലെ മരുന്നു ക്ഷാമം, ശാരീരിക, മാനസിക, ബുദ്ധിവൈകല്യമുള്ളവരുടെ പുനരധിവാസം/ ധനസഹായം, പെന്‍ഷന്‍, വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി തുടങ്ങിയ പരാതികളും അപേക്ഷകളും അദാലത്തില്‍ പരിഗണിക്കും.
തിരുവനന്തപുരത്ത് മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി. ആര്‍. അനില്‍, ആന്റണിരാജു, കൊല്ലത്ത് കെ. എന്‍. ബാലഗോപാല്‍, ജെ. ചിഞ്ചുറാണി, പത്തനംതിട്ടയില്‍ വീണാജോര്‍ജ്, പി. രാജീവ്, ജി. ആര്‍. അനില്‍, കോഴിക്കോട് പി. എ. മുഹമ്മദ് റിയാസ്, കെ. രാജന്‍, എ. കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, കോട്ടയത്ത് വി. എന്‍. വാസവന്‍, റോഷി അഗസ്റ്റിന്‍, കണ്ണൂരില്‍ കെ. രാധാകൃഷ്ണന്‍, പി. പ്രസാദ്, ഇടുക്കിയില്‍ വി. എന്‍. വാസവന്‍, റോഷി അഗസ്റ്റിന്‍, എറണാകുളത്ത് പി. രാജീവ്, പി. പ്രസാദ്, തൃശൂരില്‍ കെ. രാധാകൃഷ്ണന്‍, ആര്‍. ബിന്ദു, കെ. രാജന്‍, പാലക്കാട് എം. ബി. രാജേഷ്, കെ. കൃഷ്ണന്‍കുട്ടി, മലപ്പുറത്ത് പി. എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാന്‍, വയനാട് എം. ബി. രാജേഷ്, എ. കെ. ശശീന്ദ്രന്‍, കാസര്‍കോട് പി. എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, ആലപ്പുഴയില്‍ സജി ചെറിയാന്‍, പി. പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്തുകള്‍ നടക്കുക.
മേയ് രണ്ടിന് തിരുവനന്തപുരം, കൊല്ലം, കോഴഞ്ചേരി, കോഴിക്കോട്, കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളിലും മേയ് നാലിന് നെയ്യാറ്റിന്‍കര, കൊട്ടാരക്കര, മല്ലപ്പള്ളി, വടകര, ചങ്ങനാശേരി, തലശേരി എന്നിവിടങ്ങളിലും അദാലത്തുകള്‍ നടക്കും. മേയ് ആറിന് നെടുമങ്ങാട്, കരുനാഗപ്പള്ളി, അടൂര്‍, കൊയിലാണ്ടി, കാഞ്ഞിരപ്പള്ളി, തളിപ്പറമ്ബ് എന്നീ സ്ഥലങ്ങളിലാണ് അദാലത്ത്. മേയ് എട്ടിന് ചിറയിന്‍കീഴ്,പയ്യന്നൂര്‍ എന്നിവിടങ്ങളിലും മേയ് 9ന് വര്‍ക്കല, പത്തനാപുരം, തിരുവല്ല, വൈക്കം, ഇരിട്ടി എന്നിവിടങ്ങളിലും മേയ് 11ന് കാട്ടാക്കട, പുനലൂര്‍, കോന്നി എന്നിവിടങ്ങളിലും നടക്കും.
മേയ് 15ന് തൊടുപുഴ, കണയന്നൂര്‍, തൃശൂര്‍, പാലക്കാട്, ഏറനാട്, മേയ് 16ന് ദേവികുളം, നോര്‍ത്ത് പരവൂര്‍, മുകുന്ദപുരം, ചിറ്റൂര്‍, നിലമ്ബൂര്‍ എന്നിവിടങ്ങളിലും അദാലത്ത് നടക്കും. മേയ് 18ന് പീരുമേട്, ആലുവ, തലപ്പള്ളി, ആലത്തൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും മേയ് 22ന് ഉടുമ്ബന്‍ചോല, കുന്നത്തുനാട്, കൊടുങ്ങല്ലൂര്‍, ഒറ്റപ്പാലം, തിരൂര്‍ എന്നിവിടങ്ങളിലും മേയ് 23ന് ഇടുക്കി, കൊച്ചി, ചാവക്കാട്, മണ്ണാര്‍ക്കാട്, പൊന്നാനി എന്നിവിടങ്ങളിലും മേയ് 25ന് മൂവാറ്റുപുഴ, ചാലക്കുടി, പട്ടാമ്ബി, തിരൂരങ്ങാടി എന്നിവിടങ്ങളിലും മേയ് 26ന് കോതമംഗലം, കുന്നംകുളം, അട്ടപ്പാടി, കൊണ്ടോട്ടി എന്നിവിടങ്ങളിലും അദാലത്തുകള്‍ നടക്കും.
മേയ് 27ന് വൈത്തിരി, കാസര്‍കോട്, മേയ് 29ന് സുല്‍ത്താന്‍ബത്തേരി, ഹോസ്ദുര്‍ഗ്, ചേര്‍ത്തല, മേയ് 30ന് മാനന്തവാടി, മഞ്ചേശ്വരം, അമ്ബലപ്പുഴ, ജൂണ്‍ ഒന്നിന് വെള്ളരിക്കുണ്ട്, കുട്ടനാട്, ജൂണ്‍ രണ്ടിന് കാര്‍ത്തികപ്പള്ളി, മൂന്നിന് മാവേലിക്കര, നാലിന് ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലും അദാലത്തുകള്‍ നടക്കും.