NADAMMELPOYIL NEWS
FEBRUARY 26/2023

കൊടിയത്തൂര്‍: പഞ്ചായത്ത്‌ ലീഗ് പ്രസിഡന്റ് എന്‍.കെ. അഷ്‌റഫിന്റെ വീട്ടില്‍നിന്ന് മോഷണംപോയ ബുള്ളറ്റ് പൊലീസ് കണ്ടെടുത്തു.
കഴിഞ്ഞ ജൂലൈ 24ന് മോഷണംപോയ വാഹനമാണ് കഴിഞ്ഞദിവസം കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിക്കും കൊടുവള്ളിക്കും ഇടയില്‍ ഒളിപ്പിച്ചനിലയില്‍ മുക്കം പൊലീസ് കണ്ടെടുത്തത്. അഷ്‌റഫിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട മറ്റൊരു ബുള്ളറ്റും കാറും ആക്രമിസംഘം തീവെച്ച്‌ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

രണ്ടു സംഭവങ്ങളിലും മുക്കം പൊലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്ഥലങ്ങളില്‍നിന്നായി പ്രതികളെ പിടികൂടുകയായിരുന്നു.മോഷണത്തില്‍ ഉള്‍പ്പെട്ട നാല് പ്രതികളില്‍ മൂന്ന് പേരെ ആദ്യം പിടികൂടി. മോഷണം നടത്തിയ ബുള്ളറ്റ് കൊടുവള്ളി കരുവമ്ബൊയില്‍ സ്വദേശിക്ക് കൈമാറുകയായിരുന്നു.

ഇവരുടെ സുഹൃത്തും കേസിലെ നാലാം പ്രതിയുമായ കൊടുവള്ളി സ്വദേശിയുമായ ബംഗളൂരുവില്‍ താമസിക്കുന്ന മുഹമ്മദ്‌ റിജാസിനെ (23)ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് മുക്കം പൊലീസില്‍ നിലവില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ കേസും അന്വേഷണത്തില്‍ വരുന്നതും കേസിന് തുമ്ബുണ്ടാകുന്നതും. കൊണ്ടോട്ടി പൊലീസില്‍നിന്ന് പ്രതിയെ മുക്കം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ബുള്ളറ്റ് കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിക്കും കൊടുവള്ളിക്കും ഇടയില്‍ ഒളിപ്പിച്ച വിവരം മുഹമ്മദ്‌ റിജാസ് വെളിപ്പെടുത്തുന്നത്.

തെളിവെടുപ്പിനിടയില്‍ ബുള്ളറ്റ് മുക്കം പൊലീസ് കണ്ടെത്തുകയായിരുന്നു.മുഹമ്മദ്‌ റിജാസ് മഞ്ചേരി ജില്ല ജയിലില്‍ റിമാന്‍ഡിലാണ്. മുക്കം പൊലീസ് ഇന്‍സ്പെക്ടര്‍ കെ. പ്രജീഷ്, പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. ജിതേഷ്, സബ് ഇന്‍സ്‌പെക്ടര്‍ ജി. വിജയകുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഷിബില്‍ ജോസഫ്, ജോയി തോമസ്, അബ്ദുറഷീദ്, ഷോബിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *