NADAMMELPOYIL NEWS
FEBRUARY 26/2023
തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവതരണാനുമതി നല്‍കാത്തതിനാല്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് പുനഃസംഘടനാ ബില്‍ നാളെ നിയമസഭയില്‍ അവതരിപ്പിക്കില്ല.
താല്‍ക്കാലിക സിന്‍ഡിക്കേറ്റ് രൂപീകരിക്കാനുള്ള ബില്‍ നാളേക്ക് ലിസ്ററ് ചെയ്തിരുന്നുവെങ്കിലും ഗവര്‍ണറുടെ അനുമതി ലഭിക്കാതിരുന്നതിനാല്‍ മാറ്റി വെക്കുകയായിരുന്നു. അംഗങ്ങളെ നോമിനേറ്റ് ചെയ്യാനുളള ബില്‍ പ്രതിപക്ഷത്തെ ഒഴിവാക്കാുള്ള സര്‍ക്കാര്‍ ശ്രമമെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുള്ള തിരിച്ചടി.
സംസ്ഥാനത്ത് ഗവര്‍ണര്‍–സര്‍ക്കാര്‍ പോര് വീണ്ടും രൂക്ഷമായിരിക്കുകയാണെന്ന് വ്യക്തം. ഗവര്‍ണറുടെ അനുമതി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു നാളെ നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ താല്‍ക്കാലിക സിണ്ടിക്കേറ്റ് രൂപീകരണ ബില്‍ സര്‍ക്കാര്‍ ലിസ്റ്റ് ചെയ്തത്. എന്നാല്‍ മന്ത്രിമാര്‍ നേരിട്ട് ചെന്ന് കണ്ടിട്ടും ആരിഫ് മുഹമ്മദ് ഖാന്‍ വഴങ്ങാത്തതോടെയാണ് സര്‍ക്കാര്‍ ബില്‍ മാറ്റിവെച്ചത്.
അതിനിടെ, തന്നെ മറികടന്ന് മലയാളം സര്‍വ്വകലാശാല വിസി നിയമനത്തിന് ശ്രമിച്ച സര്‍ക്കാറിന് രോഷത്തോടെ ഗവര്‍ണര്‍ മറുപടി നല്‍കി. എന്ത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കമെന്നാണ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്കുള്ള മറുപടി. നിയമനത്തിന് അഞ്ചംഗ സെര്‍ച്ച് കമ്മീറ്റി രൂപീകരിച്ച് നിയമസഭ പാസാക്കിയ ബില്ലില്‍ ഇതുവരെ ഗവര്‍ണ്ണര്‍ ഒപ്പിടാത്തതിനാല്‍ നിയമപ്രാബല്യമില്ലെന്നാണ് രാജ്ഭവന്‍ നിലപാട്. നിയമനത്തിനായി സര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയ ഗവര്‍ണര്‍ ഒക്ടോബറില്‍ കമ്മിറ്റിയിലേക്കുള്ള സര്‍ക്കാര്‍ പ്രതിനിധിയെ ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാതെ സ്വന്തം നിലക്ക് നിയമനവുമായി മുന്നോട്ട് പോകാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയാണ് നടപടി തുടങ്ങിയതെന്ന് ഫയലുകള്‍ പുറത്തുവന്നിരുന്നു. മറ്റന്നാള്‍ വിസിയുടെ കാലാവധി തീരാനിരിക്കെ സര്‍ക്കാറിനെ തളളി ഗവര്‍ണ്ണര്‍ നിയമനവുമായി മുന്നോട്ട് പോകും. കാലിക്കറ്റില്‍ അക്കാദമിക് വിദഗ്ധരെ ചേര്‍ത്തുള്ള സിണ്ടിക്കേറ്റിനും ഗവര്‍ണ്ണര്‍ നോമിനേറ്റ് ചെയ്യുന്നതോടെ ഭിന്നത കടുക്കും.