NADAMMELPOYIL NEWS
FEBRUARY 25/2023
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഒരു മാസത്തിനിടെ രണ്ടു സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തി വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കുന്നതായി പരാതി.
കാലിക്കറ്റ് സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍റെ എം.എ മലയാളം പരീക്ഷ സംബന്ധിച്ചാണ് പരാതിയുയരുന്നത്. 2020-21 ബാച്ചിലെ വിവിധ സെന്ററിലുള്ള വിദ്യാര്‍ഥികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടാന്‍ പരീക്ഷാ കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി.
കോഴ്‌സ് തുടങ്ങി ആദ്യവര്‍ഷം യൂണിവേഴ്സിറ്റി പരീക്ഷകളൊന്നും നടത്തിയിരുന്നില്ല. തുടര്‍ന്ന് 2022-23 ലാണ് രണ്ടു സെമസ്റ്ററുകളുടേയും പരീക്ഷ നിശ്ചയിച്ചത്. ഒന്നാം സെമസ്റ്റര്‍ പരീക്ഷ 2023 ജനുവരി 31-ന് തുടങ്ങി ഫെബ്രുവരി 9-ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് ഏഴ് ദിവസത്തിന് ശേഷം ഫെബ്രുവരി 16-നാണ് രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്കുള്ള വിജ്ഞാപനം വന്നത്. അതിനുശേഷം 12 ദിവസം കഴിഞ്ഞ് മാര്‍ച്ച് ഒന്നിന് പരീക്ഷ ആരംഭിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. അധ്യാപകരും അഭിഭാഷകരും ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും വിവിധ കമ്ബനികളില്‍ ജോലിചെയ്യുന്നവരുമടക്കം നിരവധി പേരാണ് എം.എ മലയാളം കോഴ്‌സില്‍ വിദ്യാര്‍ഥികളായുള്ളത്. ഇവര്‍ക്കൊന്നും രണ്ടാം പരീക്ഷയ്ക്ക് തയ്യാറെടുക്കാനുള്ള സമയം ലഭിച്ചിട്ടില്ല. കൃത്യസമയത്ത് നടത്താതെ ഏപ്രിലില്‍ ഒന്നിച്ചുനടത്തി പരീക്ഷകള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിച്ചുകൊണ്ട് പരീക്ഷ നടത്തുന്നതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.
ധൃതി കൂട്ടിയുള്ള പരീക്ഷകള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷാ കണ്‍ടോളര്‍ക്ക് പരാതി സമര്‍പ്പിച്ചിരുന്നു. ഇതിന്മേല്‍ യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവുമുണ്ടാകാതെ വന്നതോടെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 27 തിങ്കളാഴ്ച 11 മണിക്ക് പരീക്ഷാ കണ്‍ട്രോളര്‍ ഹര്‍ജിക്കരുടെ പരാതി നേരില്‍കേള്‍ക്കണമെന്നും അന്നുതന്നെ ഈ വിഷയത്തില്‍ തീരുമാനമുണ്ടാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. തീരുമാനം അനുകൂലമാകാത്തപക്ഷം നിയമനടപടികള്‍ തുടരാനാണ് വിദ്യാത്ഥികളുടെ തീരുമാനം.