NADAMMELPOYIL NEWS
FEBRUARY 21/2023

കോഴിക്കോട്: മുസ്ലീം ലീഗിന്റെ പുതിയ സംസ്ഥാന കമ്മിറ്റിയിലും വനിതാ ഭാരവാഹികള്‍ ഉണ്ടാകില്ലെന്ന് സൂചന. മാര്‍ച്ച്‌ നാലിന് നിലവില്‍ വരുന്ന പുതിയ സംസ്ഥാന കമ്മിറ്റിയില്‍ വനിതകളെ ഉള്‍പെടുത്താന്‍ നേതൃത്വം തീരുമാനിച്ചിട്ടില്ല.
എന്നാല്‍ പാര്‍ട്ടി അംഗത്വത്തില്‍ ഭൂരിപക്ഷം പേര്‍ വനിതകളായെങ്കിലും 19 അംഗ സംസ്ഥാന ഭാരവാഹിപ്പട്ടികയില്‍ വനിതകളെ പരിഗണിക്കേണ്ടെന്ന് തന്നെയാണ് പാര്‍ട്ടിയുടെ തീരുമാനം. വനിതകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വനിതാ ലീഗുണ്ടെന്നായിരുന്നു ഇക്കാര്യത്തില്‍ സംസ്ഥാന സെക്രട്ടറി പി എം എ സലാമിന്‍റെ പ്രതികരണം.

‘സ്ത്രീകള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങളൊരു സംഘടന ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. അതാണ് വനിതാ ലീഗ്. രണ്ട് കൂട്ടര്‍ക്കും രണ്ട് സംഘടനയെന്നാണ്’ പിഎംഎ സലാം പറഞ്ഞു. 2.50 ലക്ഷം അംഗങ്ങള്‍ പുതിയതായി പാര്‍ട്ടിയിലേക്ക് വന്നെന്നാണ് കണക്ക്. ആകെ അംഗങ്ങളില്‍ 51 ശതമാനം വനിതകളാണ്. എന്നാല്‍ ഭാരവാഹി തലത്തിലേക്ക് സ്ത്രീകളെ ഉള്‍പ്പെടുത്തില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമുണ്ടായത്.

നിലവിലെ സംസ്ഥാന കമ്മിറ്റിയുടെ അവസാന യോഗം മാര്‍ച്ച്‌ മൂന്നിനാണ്. നാലാം തിയതി സംസ്ഥാന കമ്മിറ്റിയുടെ ആദ്യയോഗം ചേരുമെന്നും നേതൃത്വം അറിയിച്ചു. കേരളത്തിലെ എല്ലാ ജില്ലാ കമ്മിറ്റികളും ഈ മാസം 28ന് മുമ്ബ് നിലവില്‍ വരും. ഉന്നതാധികാര സമിതിക്ക് പകരമായി 21 അംഗ സംസ്ഥാന സെക്രട്ടറിയേറ്റ് പുനസംഘടനയില്‍ നിലവില്‍ വരും. പ്രവര്‍ത്തന സമിതിയുടെ പുനംസംഘടനയാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത്.

Leave a Reply

Your email address will not be published. Required fields are marked *