NADAMMELPOYIL NEWS
FEBRUARY 20/2023
കോഴിക്കോട്: യേശുദാസിനും ചിത്രയ്ക്കും നേരെ കല്ലെറിഞ്ഞ കേസിലെ പ്രതി 24 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍ . ബേപ്പൂര്‍ മാത്തോട്ടം സ്വദേശി പണിക്കര്‍മഠം എന്‍.വി.
അസീസിനെ (56) ആണ് നടക്കാവ് പൊലീസ് പിടികൂടിയത്. വഴിയോരത്ത് പഴക്കച്ചവടം നടത്തുന്ന ആളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
1999 ഫെബ്രുവരി ഏഴിന് രാത്രി 9.15-ന് കോഴിക്കോട് കടപ്പുറത്ത് ആയിരുന്നു കേസിന്നാസ്പദമായ സംഭവം നടക്കുന്നത്. ഗാനമേള പുരോഗമിക്കവെ ബീച്ചിലെ നഴ്സസ് ഹോസ്റ്റലിന് മുന്‍വശത്തുനിന്ന് ഗായകരായ ചിത്രക്കും യേസുദാസിനും നേരെ കല്ലേറുണ്ടാവുകയായിരുന്നു. ഗായകരെ കല്ലെറിഞ്ഞ സംഘത്തില്‍ ചില പ്രതികളെ പൊലീസ് പിന്നീട് പിടികൂടിയിരുന്നു. കേസില്‍ പിടിയിലാകാനുള്ള ആളായിരുന്നു അസീസെന്ന് അന്വേഷണസംഘം പറഞ്ഞു.
1999 കാലഘട്ടത്തില്‍ മാത്തോട്ടത്ത് താമസിച്ചിരുന്ന അസീസ് സ്ഥലം മാറി മലപ്പുറം ജില്ലയിലെ മുതുവല്ലൂരില്‍ പുളിക്കല്‍കുന്നത്ത് വീട്ടില്‍ താമസിക്കുന്നതിനിടയിലാണ് ഇയാളെ പിടികൂടുന്നത്. മാത്തോട്ടത്തുള്ള പരിസരവാസി നല്‍കിയ സൂചനയിലാണ് പോലീസ് മലപ്പുറം ജില്ലയില്‍ അന്വേഷണം ശക്തമാക്കുന്നതും ഇയാളെ പിടികൂടുന്നതും. നടക്കാവ് സി.ഐ.യായിരുന്ന കെ. ശ്രീനിവാസന്‍ ആയിരുന്നു അന്നത്തെ അന്വേഷണോദ്യോഗസ്ഥന്‍. കേസില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
നടക്കാവ് ഇന്‍സ്പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ്കുമാര്‍, പി.കെ. ബൈജു, പി.എം. ലെനീഷ് എന്നിവരുള്‍പ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് അസീസിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ അസീസിനെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്.