മുക്കം : പൂട്ടുകട്ടകൾ വിരിച്ച നടപ്പാതകൾ, വൃത്തിയുള്ള വഴിയോരം, ഓവുചാൽ സംവിധാനങ്ങൾ, പാതയോരത്ത് മനോഹരമായ മിനി പാർക്ക്, ആധുനിക സംവിധാനങ്ങളോടെയുള്ള സിഗ്നൽ സംവിധാനം. 7.5 കോടി രൂപ ചെലവഴിച്ചുള്ള മുക്കം ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായി. ഉദ്ഘാടനം നാളെ വൈകിട്ട് 3നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും.
2019 –20 സംസ്ഥാന ബജറ്റിൽ 7.5 കോടി രൂപ അനുവദിച്ച പദ്ധതിയാണ് മുക്കം ടൗൺ സൗന്ദര്യവൽക്കരണം. പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചാണ് ഉദ്ഘാടനത്തിന് ഒരുങ്ങിയത്. ഒന്നാം ഘട്ടത്തിൽ 600 മീറ്റർ ദൂരം മാത്രം സൗന്ദര്യവൽക്കരിച്ചു. മുക്കം ആലിൻചുവട്ടിലും പിസി റോഡിലും പൂട്ടു കട്ടകൾ പതിച്ച നടപ്പാതകൾ നിർമിച്ചു. അഭിലാഷ് ജംക്‌ഷൻ മുതൽ അരീക്കോട് പാലം വരെ പുൽത്തകിടി വിരിച്ച മീഡിയനുകൾ ഒരുക്കി.
സംസ്ഥാന പാതയോരത്ത് മുക്കം അരീക്കോട് പാലത്തിനു സമീപം മിനി പാർക്കും സജ്ജമാക്കി. നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായത് വ്യാപാരികൾ ഉൾപ്പെടെയുള്ളവരെ ഏറെ വലച്ചിരുന്നു. വ്യാപാരികൾ സമര രംഗത്തെത്തിയിരുന്നു. അശാസ്ത്രീയമായ ഓവുചാലുകളുടെ നിർമാണവും മറ്റും വ്യാപകമായ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.
ലിന്റോ ജോസഫ് എംഎൽഎയുടെയും നഗരസഭാധ്യക്ഷൻ പി.ടി.ബാബുവിന്റെയും നേതൃത്വത്തിൽ ഇടപെട്ടു പ്രശ്നങ്ങൾ പരിഹരിക്കുകയായിരുന്നു.നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ലിന്റോ ജോസഫ് എംഎൽഎ ആധ്യക്ഷ്യം വഹിക്കും. മുൻ എംഎൽഎ ജോർജ് എം തോമസ് മുഖ്യാതിഥിയാവും.
*ഇടയിൽ ഓട്ടയടയ്ക്കലും*
ടൗൺ സൗന്ദര്യവൽക്കരണ ഉദ്ഘാടനത്തോടനുബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ‘ഓട്ടയടയ്ക്കൽ’ പരിപാടി. നാളെ ഉദ്ഘാടനത്തിനു മന്ത്രി പി.എ.മുഹമ്മദ് റിയാസ് എത്തുന്നതിന്റെ ഭാഗമായിട്ടാണ് സൗന്ദര്യവൽക്കരണ പദ്ധതിയിൽ ഉൾപ്പെടാത്ത ഓർഫനേജ് റോഡ്, പുതിയ ബസ് സ്റ്റാൻഡ് റോഡ് തുടങ്ങിയ ഭാഗങ്ങളിൽ തകർന്നു കിടക്കുന്ന റോഡുകളിൽ ക്വാറി വേസ്റ്റ് നികത്തി അറ്റകുറ്റ പണികൾ നടത്തിയത്.
*പ്രകീർത്തിച്ച് മന്ത്രി*
ടൗൺ സൗന്ദര്യവൽക്കരണ പദ്ധതിയെ പ്രകീർത്തിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ഫെയ്സ് ബുക് പോസ്റ്റ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ചില ജംക്‌ഷനുകളിലും ഇതു പോലെ സൗന്ദര്യവൽക്കരണം നടത്താൻ പൊതുമരാമത്ത് വകുപ്പ് ഉദ്ദേശിക്കുന്നതായും പോസ്റ്റിൽ പറയുന്നു. സൗന്ദര്യവൽക്കരണം നടത്തിയതിന്റെ ചിത്രങ്ങൾ സഹിതമാണ് ഫെയ്സ്ബുക് പോസ്റ്റ്.