NADAMMELPOYIL NEWS
FEBRUARY 19/2023

കോഴിക്കോട് | സി എച്ച്‌ മേല്‍പ്പാലം പാലത്തിന്റെ നവീകരണ പ്രവൃത്തികള്‍ രണ്ടാഴ്ചക്കുള്ളില്‍ ആരംഭിക്കും.
ഇതിന്റെ ഭാഗമായി മേല്‍പ്പാലത്തിനടിയിലെ 64 വ്യാപാരികള്‍ കടമുറികളൊഴിഞ്ഞ് താക്കോല്‍ കോര്‍പറേഷന് കൈമാറി. ആറ് മാസത്തിനുള്ളില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പാലം തുറന്നുകൊടുക്കുകയാണ് ലക്ഷ്യം. പൂര്‍ണമായും പൊളിച്ചു മാറ്റാതെയാണ് നവീകരണം. അടര്‍ന്ന കോണ്‍ക്രീറ്റ് കമ്ബികള്‍, കൈവരി, ഫൂട്ട്പാത്ത് എന്നിവ പൂര്‍ണമായും മാറ്റും.

വ്യാപാരികള്‍ പൂര്‍ണമായും ഒഴിഞ്ഞതിനാല്‍ പത്ത് ദിവസത്തിനകം കോര്‍പറേഷന്‍ കടമുറികള്‍ പൊളിച്ചുനീക്കും. തുടര്‍ന്ന് മുംബൈ എസ് എസ് പി ഐ (സ്ട്രക്ചറല്‍ സ്‌പെഷലിസ്റ്റ് ആന്‍ഡ് പ്രൊജക്‌ട് ഇന്ത്യ) ക്ക് കൈമാറുകയും പ്രവൃത്തി ആരംഭിക്കുകയും ചെയ്യും. 4.47 ലക്ഷം രൂപ ചെലവിലാണ് പണി പൂര്‍ത്തീകരിക്കുന്നത്. എത്രയും പെട്ടെന്ന് കെട്ടിടം പൊളിച്ച്‌ നീക്കാമെന്ന് കോര്‍പറേഷന്‍ അറിയിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞയുടന്‍ തന്നെ പ്രവൃത്തി ആരംഭിക്കുമെന്ന് പി ഡബ്ല്യൂ ഡി അസി. എന്‍ജിനീയര്‍ അമല്‍ജിത്ത് പറഞ്ഞു.
നേരത്തേ ഹൈവേ ബ്രിഡ്ജസ് ആന്‍ഡ് റിസര്‍ച്ച്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ പാലത്തിന്റെ 12 ഭാഗത്ത് സ്ലാബ് അടര്‍ന്നുവീണതായും ചോര്‍ച്ചയും കണ്ടെത്തിയിരുന്നു. പാലം നവീകരിക്കണമെന്ന ചെന്നൈ ഐ ഐ ടിയുടെ റിപോര്‍ട്ടിനെത്തുടര്‍ന്നാണ് കോര്‍പറേഷനും പൊതുമരാമത്ത് വകുപ്പും കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കിയത്.
ഒഴിഞ്ഞുകൊടുക്കാന്‍ തയ്യാറാണെങ്കിലും നവീകരണശേഷം മുറികള്‍ തിരിച്ചു കിട്ടുമോ എന്നതായിരുന്നു ഇവരുടെ ആശങ്ക. ഇതിനെതിരെ വ്യാപാരികള്‍ ഹരജി നല്‍കി. ഭരണാനുമതിയും സാങ്കേതികാനുമതിയും ഇല്ലാതെ ഒഴിപ്പിക്കരുതെന്നായിരുന്നു കോടതി നിര്‍ദേശം. ബദല്‍ സംവിധാനം ഒരുക്കാന്‍ കോര്‍പറേഷന് സാധിക്കാത്തതിനാല്‍
നിലവില്‍ വ്യാപാരികള്‍ കടമുറികള്‍ വാടകക്ക് എടുത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *