കൊടുവള്ളി: ലൈറ്റ്നിങ് സ്പോർട്സ് ക്ലബ് 38-ാമത് കൊയപ്പ സ്മാരക അഖിലേന്ത്യ സെവൻസ് ടൂർണമെന്റിന്റെ സെമിഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടങ്ങും.
ലിൻഷ മെഡിക്കൽസ് മണ്ണാർക്കാട്,സബാൻ കോട്ടക്കൽ, ജിംഖാന തൃശൂർ, സ്കൈ ബ്ലൂ എടപ്പാൾ എന്നീ ടീമുകളാണ് സെമിയിലെത്തിയത്.ഞായറാഴ്ച നടക്കുന്ന ഒന്നാം സെമി ഫൈനൽ ആദ്യ മത്സരത്തിൽ ലിൻഷ മെഡിക്കൽസ് മണ്ണാർക്കാടും സബാൻ കോട്ടക്കലും തമ്മിൽ മാറ്റുരക്കും.
14നാണ് ആദ്യ സെമിയുടെ രണ്ടാംപാദ മത്സരം. രണ്ടാം സെമിഫൈനൽ മത്സരങ്ങൾ സ്കൈ ബ്ലൂ എടപ്പാളും ജിംഖാന തൃശൂരും തമ്മിൽ 13, 15 തീയതികളിൽ നടക്കും. 17നാണ്ഫൈനൽ.
ആദ്യമായി സംഘാടകർ ഏർപ്പെടുത്തിയ പെൺ ഗാലറി നിറഞ്ഞുകവിഞ്ഞു. പ്രധാന പവലിയനോട് ചേർന്ന് പ്രത്യേക സുരക്ഷയോടെയാണ് സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കുമായി ഇത്തവണ സംഘാടകർ പ്രത്യേക ഇരിപ്പിടങ്ങളൊരുക്കിയത്. ആദ്യമായി സ്വന്തം നാട്ടിലെ ഗ്രൗണ്ടിൽ കളി കണ്ടതിന്റെ ആവേശത്തിലായിരുന്നു കുട്ടികളുമായെത്തിയ കുടുംബിനികൾ. ഭിന്നശേഷിക്കാരുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. കളിയുടെ മുന്നോടിയായി ദിവസവും സംഗീത വിരുന്നും കലാവിഷ്കാരങ്ങളും പുസ്തക പ്രകാശനവും നടന്നു.
ലോകകപ്പ് ഫുട്ബാൾ വളന്റിയറായി പ്രവർത്തിച്ച ഷാഫി പി.സി. പാലം എഴുതിയ ലോകകപ്പ് അനുഭവസാക്ഷ്യം പുസ്തകത്തിന്റെ പ്രകാശനം വെള്ളിയാഴ്ച നജീബ് കാന്തപുരം എം.എൽ.എ കൗൺസിലർ ആയിഷ ഷഹാനിദക്ക് കൈമാറി നിർവഹിച്ചു. കൊയപ്പ ഫുട്ബാളിന്റെ ചരിത്രം വ്യക്തമാക്കുന്ന മ്യൂസിയവും ഗാലറിക്ക് സമീപം സംഘാടകർ ഒരുക്കിയിട്ടുണ്ട്.