പാലക്കാട് ∙ നിറഞ്ഞൊഴുകുന്ന കനാലിലേക്കു നിയന്ത്രണംവിട്ടു മറിഞ്ഞ കാറിൽ നിന്നു യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. പാലക്കാട് ചന്ദ്രനഗർ ഗാന്ധിനഗർ കോളനിയിൽ സിബിൻ സുകുമാർ (31) ആണ് അഗ്നിരക്ഷാ സേനയുടെയും പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ രക്ഷപ്പെട്ടത്.
ഇന്നലെ വൈകിട്ട് 6.30നു കൽമണ്ഡപം ജംക്‌ഷനു സമീപം മലമ്പുഴ കനാലിലേക്കാണു കാർ വീണത്. കനാൽ റോഡിലൂടെ കാറിൽ പോവുകയായിരുന്നു സിബിൻ. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ടു കനാലിലേക്കു മറിയുകയായിരുന്നെന്ന് അഗ്നിരക്ഷാസേന പറഞ്ഞു.
കാറിൽ സിബിൻ മാത്രമാണ് ഉണ്ടായിരുന്നത്. കാർ വീഴുന്നതു കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവർത്തനത്തിനെത്തിയത്. ഉടൻ അഗ്നിരക്ഷാ സേനയെയും പൊലീസിനെയും വിവരം അറിയിച്ചു. ഇതിനിടെ 200 മീറ്ററോളം കനാലിലൂടെ ഒഴുകിയ കാർ കയർകെട്ടി നിയന്ത്രിച്ചു. രക്ഷാപ്രവർത്തനം നടക്കുന്നതു വരെ ഇയാൾ കാറിനുള്ളിലായിരുന്നു. നീന്തൽ വശമില്ലാതിരുന്ന സിബിനെ പൊലീസും അഗ്നിരക്ഷാ സേനയും ചേർന്നു രക്ഷപ്പെടുത്തി.