മുംബൈ: ക്യാബിന്‍ ക്രൂ അംഗത്തെ ഇടിയ്ക്കുകയും മുഖത്ത് തുപ്പകയും ചെയ്ത വിദേശിയായ വനിതാ വിമാന യാത്രക്കാരിയെ അറസ്റ്റ് ചെയ്തു.അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിസ്താര എയര്‍ലൈന്‍ വിമാനത്തിലാണ് സംഭവം. 45 കാരിയായ ഇറ്റാലിയന്‍ വനിതാ യാത്രക്കാരിയെ തിങ്കളാഴ്ച പുലര്‍ച്ചെ പൊലീസ് അറസ്റ്റ് ചെയ്തു. എയര്‍ലൈന്‍ ജീവനക്കാരുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എക്കണോമി ക്ലാസിലായിരുന്നെങ്കിലും ബിസിനസ് ക്ലാസ് സീറ്റില്‍ ഇരിക്കുന്നതിനെ ക്രൂ അംഗങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ഫ്‌ളയര്‍ പൗള പെറൂച്ചിയോ പ്രശ്നമുണ്ടാക്കിയതായി അധികൃതര്‍ പറഞ്ഞു.

തന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി വിമാനത്തില്‍ നടക്കുകയും ചോദ്യം ചെയ്തതോടെ അസഭ്യം പറയുകയും ചെയ്തു. ക്യാപ്‌റ്റന്റെ നിര്‍ദ്ദേശപ്രകാരം ക്യാബിന്‍ ക്രൂ അംഗങ്ങള്‍ പെറൂച്ചിയോയെ കീഴടക്കി. വസ്ത്രം ധരിപ്പിച്ച്‌ പുലര്‍ച്ചെ അഞ്ചിന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതുവരെ പിന്‍വശത്തുള്ള സീറ്റില്‍ കെട്ടിയിട്ടു. അന്ധേരി കോടതിയില്‍ ഹാജരാക്കിയ ശേഷം പെറൂച്ചിയോയുടെ പാസ്‌പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തു, കേസില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. തുടര്‍ന്ന് യുവതിയെ ജാമ്യത്തില്‍ വിട്ടു.

പെരുച്ചിയോയുടെ മെഡിക്കല്‍ പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട് യാത്രയ്ക്കിടെ ഇവര്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് സഹാര്‍ പൊലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വിസ്താരയുടെ ക്യാബിന്‍ ക്രൂ അംഗം എല്‍എസ് ഖാന്റെ (24) പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. എക്കോണമി ടിക്കറ്റെടുത്ത ശേഷം ബിസിനസ് ക്ലാസില്‍ ഇരിക്കരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ അവള്‍ എന്റെ മുഖത്ത് അടിച്ചു. മറ്റൊരു ക്യാബിന്‍ ക്രൂ അംഗം എന്നെ സഹായിക്കാന്‍ ഓടിയെത്തിയപ്പോള്‍ അവളുടെ മേല്‍ തുപ്പിയെന്നും പരാതിക്കാരന്‍ പറഞ്ഞു.

അതേസമയം, വിമാനത്തിലെ മോശം സര്‍വീസിനെത്തുറിച്ച്‌ പരാതി പറഞ്ഞപ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടായതെന്ന് ഇവരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. 25,000 രൂപ കെട്ടിവച്ചതിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്. യുവതിയെ വാഷ്‌റൂമിലേക്ക് പോകാന്‍ അനുവദിച്ചില്ലെന്നും പൊലീസ് അവളുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തത് അനധികൃതമാണെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *