NADAMMELPOYIL NEWS
JANUARY 25/2023

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള സര്‍ക്കാര്‍ പ്രചാരണത്തിന്‍റെ രണ്ടാം ഘട്ടം ജനുവരി 26ന് ലഹരിയില്ലാ തെരുവ് പരിപാടിയോടെ അവസാനിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
രണ്ടാം ഘട്ട പ്രചാരണത്തിന്‍റെ ഭാഗമായി, മയക്കുമരുന്നിനെതിരെ ഫുട്‌ബോള്‍ ലഹരി എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഗോള്‍ ചലഞ്ചില്‍ 2,01,40,526 ഗോളുകളടിച്ചു. നവംബര്‍ 16നാണ് ഗോള്‍ ചലഞ്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. എക്‌സൈസ്, കായികവകുപ്പ്, വിദ്യാഭ്യാസം, കുടുംബശ്രീ, യുവജനസംഘടനകള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തദ്ദേശ സ്വയം ഭരണം തുടങ്ങി എല്ലാ എല്ലാ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലും സ്‌കൂളിലും കോളേജുകളിലും പൊതുയിടങ്ങളിലും ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചിരുന്നു. ലോകകപ്പ് ഫുട്‌ബോളിന്‍റെ കൂടി പശ്ചാത്തലത്തില്‍ മയക്കുമരുന്നിനെതിരെ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഗോള്‍ ചലഞ്ചിന് കഴിഞ്ഞെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഗോള്‍ ചലഞ്ചില്‍ പങ്കാളികളായ എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു. രണ്ടാം ഘട്ട പ്രചാരണത്തിന്‍റെ ഭാഗമായി ജനുവരി 26ന് ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന ലഹരിയില്ലാ തെരുവ് പരിപാടി വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

ഗോള്‍ ചലഞ്ചിന്റെ ഭാഗമായി ഏറ്റവുമധികം ഗോളുകളടിച്ചത് മലപ്പുറം ജില്ലയിലാണ്. 28,30,063 ഗോളുകളാണ് മലപ്പുറത്ത് പിറന്നത്. കോഴിക്കോട് 23,88,851 ഗോളുകളും തിരുവനന്തപുരത്ത് 20,22,595 ഗോളുകളുമടിച്ചു. ഓരോ ജില്ലയിലുമടിച്ച ഗോളുകളുടെ കണക്ക് ചേര്‍ക്കുന്നു. കാസര്‍ഗോഡ് 866184, കണ്ണൂര്‍ 1828833, വയനാട് 412650, കോഴിക്കോട് 2388851, മലപ്പുറം 2830063, പാലക്കാട് 1409934, തൃശൂര്‍ 1444619, എറണാകുളം 1622311, ഇടുക്കി 549282, കോട്ടയം 1305505, ആലപ്പുഴ 965503, പത്തനംതിട്ട 595496, കൊല്ലം 1898700, തിരുവനന്തപുരം 2022595. ആകെ 20140526. നവംബര്‍ 14ന് ആരംഭിച്ച രണ്ടാം ഘട്ട ലഹരി വിരുദ്ധ പ്രചാരണമാണ് ജനുവരി 26ന് അവസാനിക്കുന്നത്. ആദ്യഘട്ട പ്രചാരണം ഒക്ടോബര്‍ 6ന് ആരംഭിച്ച്‌ നവംബര്‍ 1 ന് ഒരു കോടി ആളുകള്‍ അണിനിരന്ന ലഹരി വിരുദ്ധ ശൃംഖലയോടെ സമാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *