NADAMMELPOYIL NEWS
JANUARY 18/2023

കോഴിക്കോട്: കോടഞ്ചേരി ഗവ. കോളജിലെ മുഴുവന്‍ മുഴുവന്‍ പൂര്‍വവിദ്യാര്‍ഥികളുടെയും ‘മെഗാ അലുംനി മീറ്റ്’ ജനുവരി 26ന് നടക്കും.
1980 മുതല്‍ 2022 വരെ കോളജില്‍നിന്നു പഠിച്ചിറങ്ങിയ മുഴുവന്‍ പേരെയും ക്ഷണിച്ചാണ് സംഗമം നടത്തുന്നത്. ഒപ്പം കോളജില്‍ സേവനം ചെയ്ത അധ്യാപകരെയും അധ്യാപകേതര ജീവനക്കാരെയും ക്ഷണിക്കുന്നുണ്ട്. കോളജ് ഐക്യുഎസിയുടെയും അലുംനി അസോസിയേഷന്റെയും സംയുക്ത നേതൃത്വത്തിലുള്ള സംഗമം ‘വാകമരത്തണലില്‍’ 26ന് രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെയാണ്.

മലയോരമേഖലയ്ക്ക് ഉന്നതവിദ്യാഭ്യാസത്തിന്റെ വഴി തുറന്നതാണ് കോടഞ്ചേരി ഗവ. കോളജ്. കോഴിക്കോട് ജില്ലയിലെ മലയോരപ്രദേശമായ കോടഞ്ചേരിയില്‍ റബ്ബര്‍ തോട്ടങ്ങള്‍ക്കിടയിലെ കുന്നിന്‍ചരുവില്‍ 1980-ലാണ് കോളജ് സ്ഥാപിതമായത്. ആദ്യകാലത്തെ അടിസ്ഥാനസൗകര്യം ഒരു സര്‍ക്കാര്‍ എല്‍പി സ്‌കൂളിനേക്കാള്‍ ദയനീയമായിരുന്നു. ഓടിട്ട താല്‍ക്കാലിക കെട്ടിടങ്ങള്‍. സിമന്റ് പൂശാത്ത അരഭിത്തി. ക്ലാസുകള്‍ക്കിടയില്‍ തുണി കര്‍ട്ടന്‍. ലാബിലേക്ക് പരീക്ഷണങ്ങള്‍ക്കുള്ള വെള്ളം അടുത്തവീട്ടിലെ കിണറ്റില്‍നിന്ന് കുട്ടികള്‍ കോരിക്കൊണ്ടുവരേണ്ട അവസ്ഥ. ഈ പരിമിതികള്‍ക്കിടയിലും പഠനരംഗത്ത് കോളജ് ഉന്നതനിലവാരം പുലര്‍ത്തി. താമരശേരി, ഓമശേരി, ബാലുശേരി, ഈങ്ങാപ്പുഴ, അടിവാരം, തിരുവമ്ബാടി, മുക്കം, കൊടുവള്ളി, കൂടത്തായ്, ആനക്കാംപൊയില്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നൊക്കെ എസ്‌എസ്‌എല്‍സിക്ക് ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ കോടഞ്ചേരി കോളജിലേക്ക് ഉന്നത പഠനത്തിനെത്തി. മലപ്പുറം, വയനാട് ജില്ലകളില്‍നിന്നുള്ളവരും കോടഞ്ചേരി കോളജില്‍ പഠിച്ചിരുന്നു.

പ്രീഡിഗ്രിക്ക് ഫസ്റ്റ്, സെക്കന്‍ഡ് ഗ്രൂപ്പുകള്‍ ആദ്യംമുതലേ ഈ കോളജില്‍ ഉണ്ടായിരുന്നതിനാല്‍ റൂറല്‍ മേഖലയില്‍നിന്നുള്ള മികച്ച മാര്‍ക്കുകാരുടെ ലക്ഷ്യസ്ഥാനമായി കോടഞ്ചേരി മാറി. ആദ്യത്തെ 10 വര്‍ഷത്തോളം പ്രീഡിഗ്രി കോഴ്‌സ് മാത്രമുണ്ടായിരുന്ന കോളജില്‍ പിന്നീട് ഡിഗ്രി, പിജി കോഴ്‌സുകളും വന്നു. ഇപ്പോള്‍ ഗവേഷണ സൗകര്യം വരെയുണ്ട്. കുന്നിന്‍ ചരുവിലെ താല്‍ക്കാലിക കെട്ടിടങ്ങളില്‍ ഒന്നര പതിറ്റാണ്ടോളം പ്രവര്‍ത്തിച്ച ശേഷമാണ് കോളജ് സ്വന്തം കെട്ടിടത്തിലേക്കു മാറിയത്.

മെഗാ അലുംനി മീറ്റില്‍ ഉദ്ഘാടന സമ്മേളനം, ക്ലാസ് ഒത്തു കൂട്ടലുകള്‍, കലാ പരിപാടികള്‍, ബയോ ഡൈവേഴ്‌സിറ്റി റിസര്‍വ് സന്ദര്‍ശനം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ക്ക്: ഡോ. കെ.പി. ഷബീര്‍: 9961488683, ഡോ.മോഹന്‍ദാസ്: 9846357956, ഡോ. ജോബി രാജ്: 9447640432, കെ.പി. അഷ്‌റഫ്: 8113993366. രജിസ്‌ട്രേഷന് ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *