NADAMMELPOYIL NEWS
JANUARY 18/2023
കൊടുവള്ളി:സ്വര്‍ണനഗരിയില്‍ 38 –ാമത് കൊയപ്പ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 22ന് തുടങ്ങും.
സെവന്‍സ് ഫുട്ബോളിലെ ലോകകപ്പെന്ന് വിളിപ്പേരുള്ള ടൂര്‍ണമെന്റിന് രണ്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും ആരവം ഉയരുന്നത്.
വര്‍ഷങ്ങളോളം സെവന്‍സ് സംഘടിപ്പിച്ച ലൈറ്റിനിങ് ക്ലബ്ബാണ് ഇത്തവണയും മുഖ്യ സംഘാടകര്‍. കൊയപ്പ അയമ്മദ് കുഞ്ഞിയുടെ സ്മരണാര്‍ഥം പൂനൂര്‍ പുഴയോരത്തെ ചെറിയ മൈതാനത്ത് തുടങ്ങിയ ടൂര്‍ണമെന്റില്‍ ഐ എം വിജയന്‍, ജോപാള്‍ അഞ്ചേരി, ആസിഫ് സഹീര്‍, ഉസ്മാന്‍ തുടങ്ങിയ പ്രമുഖര്‍ ബൂട്ടണിഞ്ഞിട്ടുണ്ട്.
22ന് ആരംഭിച്ച് ഫെബ്രുവരി 17 വരെ നീളുന്ന മത്സരത്തില്‍ കെആര്‍എസ് കോഴിക്കോട്, ഫിഫ മഞ്ചേരി, ലിന്‍ഷ മെഡിക്കല്‍സ് മണ്ണാര്‍ക്കാട്, ജവഹര്‍ മാവൂര്‍, ഉഷ എഫ്സി, സെബാന്‍ കോട്ടയ്ക്കല്‍, ഫിറ്റ് വെല്‍ കോഴിക്കോട്, അല്‍ മദീന ചെറുപ്പുളശേരി, കെഎഫ്സി കാളിക്കാവ്, ടൗണ്‍ ടീം അരീക്കോട്, കെഎംജി മാവൂര്‍, എഎഫ്‌സി അമ്ബലവയല്‍, റോയല്‍ ട്രാവല്‍സ് കാലിക്കറ്റ്, സൂപ്പര്‍ സ്‌റ്റുഡിയോ മലപ്പുറം, എവൈസി ഉച്ചാരക്കടവ്, ജിംഖാന തൃശൂര്‍, മൈഡിഗാര്‍ഡ് അരീക്കോട്, അല്‍മിന്‍ഹാര്‍ വളാഞ്ചരി തുടങ്ങി 24 ടീമുകള്‍ മാറ്റുരക്കും.
അംഗപരിമിതര്‍ക്ക് പ്രത്യേക ഇരിപ്പിടം
സ്‌ത്രീകള്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേക ഇരിപ്പിടം ഒരുക്കും. ഒന്നിടവിട്ടുളള ദിവസങ്ങളില്‍ ലഹരിവിരുദ്ധ ഫ്ലാഷ്‌മോബുകളും ശനി വൈകിട്ട് നാലിന് വിളംബര ജാഥയുമുണ്ടാവും. ഒരു ടീമില്‍ മൂന്ന് വിദേശകളിക്കാരാവാം. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വെളളറ അബ്ദു, കണ്‍വീനര്‍ പി കെ അബ്ദുള്‍ വഹാബ്, ട്രഷറര്‍ കെ ഷറഫുദ്ദീന്‍, ക്ലബ് ഭാരവാഹികളായ ഫൈസല്‍ മാക്‌സ്, സി കെ ജലീല്‍, നജു തങ്ങള്‍സ്, പി ടി എ ലത്തീഫ്, കെ കെ സുബൈര്‍ എന്നിവര്‍ പങ്കെടുത്തു.