NADAMMELPOYIL NEWS
JANUARY 04/2023
കോഴിക്കോട്: കലയെ ഖല്‍ബുകൊണ്ടണച്ചുപിടിച്ച് കോഴിക്കോട്. ഏഴുവര്‍ഷത്തിനുശേഷം വിരുന്നെത്തിയ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ആദ്യ ദിനം വീറുംവാശിയും നിറഞ്ഞതായി.
കനകക്കിരീടത്തിന് 22 വര്‍ഷമായി കാത്തിരുന്ന കണ്ണൂരും രണ്ട് കലോത്സവങ്ങള്‍ക്ക് മുമ്ബ് കൈവിട്ടുപോയ കിരീടം തിരിച്ചുപിടിക്കാന്‍ ആതിഥേയരായ കോഴിക്കോടും കച്ചമുറുക്കിയിറങ്ങിയപ്പോള്‍ ഇഞ്ചോടിഞ്ച് പോരിനാണ് തുടക്കമിട്ടത്. 194 പോയന്റാണ് കണ്ണൂരിന്. 188 പോയന്‍റുമായി 21 തവണ ചാമ്ബ്യനായ കോഴിക്കോടുമുണ്ട് തൊട്ടുപിന്നില്‍. ഒരിക്കല്‍മാത്രം ചാമ്ബ്യനായ കൊല്ലമാണ് 187 പോയന്റുമായി മൂന്നാമത്. അഞ്ചുതവണ ചാമ്ബ്യനായ തൃശൂരും (181) കോഴിക്കോടിന്റെ ആധിപത്യം തകര്‍ത്ത് രണ്ട് വര്‍ഷം തുടര്‍ച്ചയായി ചാമ്ബ്യനായ പാലക്കാടും നാലാമതാണ്. 181 പോയന്റ്.
അഞ്ചുനാള്‍ നീളുന്ന കലാമാമാങ്കത്തിന്റെ വരും ദിവസങ്ങളാവും അട്ടിമറികളുടേത്.
രണ്ടു വര്‍ഷത്തിന്റെ ഇടവേളക്കു ശേഷം അരങ്ങുണര്‍ന്ന 61ാമത് സ്കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാന വേദിയായ വിക്രം മൈതാനിയിലെ ‘അതിരാണിപ്പാട’ത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം ആശാ ശരത് വിശിഷ്ടാതിഥിയായിരുന്നു.