NADAMMELPOYIL NEWS
DECEMBER 26/2022

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി പിടിയിലായ 19കാരി സ്വര്‍ണക്കടത്ത് കാരിയറായത് ഒരു ലക്ഷം രൂപക്കും വിമാന ടിക്കറ്റിനുംവേണ്ടി. കസ്റ്റംസിനെ വെട്ടി കരിപ്പൂര്‍ വിമാനത്തവളത്തിനു പുറത്തുവന്ന യുവതിയില്‍നിന്നും ഒരു കോടി രൂപയുടെ സ്വര്‍ണമാണു പൊലീസ് പിടികൂടിയത്. എന്നാല്‍ പിടിയിലായ കാസര്‍ഗോഡ് സ്വദേശി ഷഹല താന്‍ സ്വര്‍ണം കടത്തിയത് ഒരു ലക്ഷം രൂപക്കും വിമാന ടിക്കറ്റിനും വേണ്ടിയാണെന്നാണു പൊലീസിന് മൊഴി നല്‍കിയത്.

സാമ്ബത്തികമായ ആവശ്യം ഉള്ളതിനാലാണ് ഇത്തരത്തില്‍ സ്വര്‍ണം കടത്തിയതെന്നും വിമാനത്തവളത്തിനു പുറത്തുവന്നാല്‍ സ്വര്‍ണം കൊണ്ടുപോകാനുള്ളവര്‍ എത്തുമെന്നും സ്വര്‍ണം ഇവരെ ഏല്‍പിക്കാനായിരുന്നു നിര്‍ദ്ദേശമെന്നും യുവതി പൊലീസിനു മൊഴി നല്‍കി.
കാരിയറാകാന്‍ ഒരു പേടിയും വേണ്ടെന്നും സ്ത്രീകളെ പരിശോധനയില്‍ ഒരിക്കലും പിടികൂടില്ലെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. എന്തുപ്രശ്നം വന്നാലും ഞങ്ങള്‍കൂടെയുണ്ടാകുമെന്നും ഭയപ്പെടരുതെന്നും മുഖഭാവത്തില്‍ വ്യത്യാസം ഉണ്ടാകരുതെന്നും സ്വര്‍ണം നല്‍കിയവര്‍ ഉപദേശിച്ചിരുന്നു.

വിമാനത്തവളത്തിനു പുറത്തുവന്നാല്‍ വാട്സ്‌ആപ്പില്‍ ഫോണ്‍ചെയ്യാനായിരുന്നു നിര്‍ദ്ദേശമെന്നും യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. അതേ സമയം ഷഹലയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് ഇവരെ ജാമ്യത്തില്‍വിട്ടു. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും.

അടിവസ്ത്രത്തുനുള്ളില്‍ വിദഗ്ധമായി തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ച സ്വര്‍ണ മിശ്രിതമാണ് ഷഹലയില്‍നിന്നും പൊലീസ് പിടികൂടിയത്. കരിപ്പൂരില്‍ കസ്റ്റംസിനെ വെട്ടിച്ച്‌ കടത്തിയ 1884 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണമാണ് എയര്‍പോര്‍ട്ടിന് പുറത്ത് വച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്. ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കൊണ്ടുവന്ന സ്വര്‍ണം മിശ്രിത രൂപത്തിലാക്കി മൂന്ന് പാക്കറ്റുകളാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്താനാണ് യുവതി ശ്രമിച്ചത്.

ഇന്നലെ രാത്രി 10.20 മണിക്ക് ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്‌പ്രസ്സ് വിമാനത്തിലാണ് യുവതി കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11 മണിക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങിയ യുവതിയെ, മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത യുവതിയെ മണിക്കൂറുകളോളം പൊലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും ആത്മ ധൈര്യം വിടാതെ യുവതി അതിനെയെല്ലാം പ്രതിരോധിച്ചുകൊണ്ടിരുന്നു. താന്‍ ഗോള്‍ഡ് ക്യാരിയറാണെന്നോ തന്റെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്നോ സമ്മതിക്കാന്‍ യുവതി തയ്യാറായില്ല.തുടര്‍ന്ന് യുവതിയെ ലഗ്ഗേജ് ബോക്‌സുകള്‍ ഓപ്പണ്‍ ചെയ്തു വിശദമായി പരിശോധിച്ചിട്ടും സ്വര്‍ണം കണ്ടെത്താനായില്ല.

ശേഷം യുവതിയുടെ ദേഹപരിശോധനയിലാണ് അടിവസ്ത്രത്തുനുള്ളില്‍ വിദഗ്ദക്തമായി തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ച രീതിയില്‍ മൂന്ന് പാക്കറ്റുകള്‍ കണ്ടെത്താനായത്. യുവതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വര്‍ണ്ണകടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *