NADAMMELPOYIL NEWS
DECEMBER 26/2022

തിരുവനന്തപുരം: ഉന്തിയ പല്ലുകളുള്ളവര്‍ക്ക് യൂണിഫോം തസ്തികകളില്‍ ജോലി ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ റിക്രൂട്ട്മെന്‍റ് ചട്ടങ്ങളില്‍ (സ്പെഷ്യല്‍ റൂള്‍സ്) ഭേദഗതി വരുത്തണം.
ഇക്കാര്യത്തില്‍ പി.എസ്.സിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പി.എസ്.സി വൃത്തങ്ങള്‍ അറിയിച്ചു. നിയമന ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമോയെന്നത് വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച്‌ സര്‍ക്കാര്‍ എടുക്കുന്ന നയപരമായ തീരുമാനമാണ്. ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചാല്‍ പി.എസ്.സിയുമായും ആലോചിക്കും. പി.എസ്.സി യോഗം വിളിച്ച്‌ നിലപാട് സര്‍ക്കാരിനെ അറിയിക്കും. അത് സ്വീകരിക്കണമോ വേണ്ടയോ എന്നത് സര്‍ക്കാരിന്റെ വിവേചനാധികാരമാണ്.

നിയമന ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ പി.എസ്.സി സര്‍ക്കാരിനോട് ആവശ്യപ്പെടാറില്ല. ആദിവാസികള്‍ക്ക് മാത്രമായുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിച്ചിരുന്ന മുത്തുവിനെ ഉന്തിയ പല്ലുള്ളതിനാല്‍ അയോഗ്യനാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന നടക്കുകയാണ്. യൂണിഫോം തസ്തികകളില്‍ അസിസ്റ്റന്‍റ് സര്‍ജന്‍ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറില്‍ നിന്ന് ലഭിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അതിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ഥിയുടെ യോഗ്യത നിര്‍ണയിക്കുന്നത്. അപ്പോയിന്‍റ്മെന്‍റ് റൂളുകളില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

യൂണിഫോം പോസ്റ്റുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന ശാരീരിക യോഗ്യതകള്‍ ഇനിപ്പറയുന്നവയാണ്: ഓരോ കണ്ണിനും പൂര്‍ണ്ണമായ കാഴ്ച ശക്തി ഉണ്ടായിരിക്കണം. വര്‍ണ്ണ അന്ധത ഉള്‍പ്പെടെയുള്ള വൈകല്യങ്ങള്‍ അയോഗ്യരായി കണക്കാക്കും. മുട്ടു തട്ട്, പരന്ന പാദം, ഞരമ്ബ് വീക്കം, വളഞ്ഞ കാലുകള്‍, വൈകല്യമുള്ള കൈകാലുകള്‍, കോമ്ബല്ല് (മുന്‍പല്ല്), ഉന്തിയ പല്ലുകള്‍, കൊഞ്ഞ, കേള്‍വിയിലും സംസാരശേഷിയിലുമുള്ള കുറവുകളും അയോഗ്യതയാണ്.

Leave a Reply

Your email address will not be published. Required fields are marked *