NADAMMELPOYIL NEWS
DECEMBER 04/2022
കോഴിക്കോട്:നാദാപുരത്ത് യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍.
കണ്ണൂര്‍ കേളകം സ്വദേശി സമീഷ് ടി ദേവിനെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയില്‍ താന്‍ ഓടിച്ച കാറിടിച്ചാണ് സുഹൃത്ത് മരിച്ചതെന്ന് സമീഷ് പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ ശനിയാഴ്ചയാണ് നാദാപുരം കനാല്‍ റോഡില്‍ കാസര്‍കോട് സ്വദേശി ശ്രീജിത്തിനെ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.
വൈദ്യുത പോസ്റ്റിലിടിച്ച രീതിയില്‍ ഇയാളുടെ കാറും സമീപത്തുണ്ടായിരുന്നു. നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീജിത്തിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. അപകട മരണമെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും ഒപ്പമുണ്ടായിരുന്ന ഒരാള്‍ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പിന്നീട് പൊലീസിന് കിട്ടി. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സമീഷ് പിടിയിലായത്.