NADAMMELPOYIL NEWS
OCTOBER 30/2022
കോഴിക്കോട്: കേരളം ഞെട്ടിയ കൂടത്തായി കൂട്ടക്കൊലക്കേസിൽ പ്രതി ജോളി ഭക്ഷണത്തിൽ സയനൈഡ് നൽകി കുടുംബാംഗങ്ങളെ വധിച്ചുവെന്ന കേസിനോടു സാമ്യമുള്ളതാണ് പാറശ്ശാലയിൽ ഗ്രീഷ്മ സുഹൃത്ത് ഷാരോൺ രാജിനെ പാനീയത്തിൽ കോപ്പർ സൾഫേറ്റ് (തുരിശ്) നൽകി കൊന്ന സംഭവം.
മാറാട് കൂട്ടക്കൊല, ടി.പി. ചന്ദ്രശേഖരൻ വധം തുടങ്ങിയ പ്രമാദ കേസുകൾ പരിഗണിച്ച എരഞ്ഞിപ്പാലം പ്രത്യേക സെഷൻസ് കോടതിയിൽ കേസ് ഇപ്പോഴും വിചാരണയുടെ പ്രാഥമിക ഘട്ടത്തിലാണ്. ജോളി കണ്ണൂർ ജയിലിൽ വിചാരണത്തടവിലും. മുഖ്യപ്രതി പൊന്നാമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളി (48) ആദ്യ ഭർത്താവ് റോയ് തോമസടക്കം ആറുപേരെ വിവിധ ഘട്ടങ്ങളിലായി സയനൈഡ് നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.
റോയ് തോമസിന്റെയും ജോളിയുടെ രണ്ടാമത്തെ ഭർത്താവിന്റെ ആദ്യ ഭാര്യ സിലിയുടെയും മരണകാരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് കണ്ടെത്തിയിരുന്നു. ബാക്കി നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങൾ വിശദ പരിശോധനക്കു ഹൈദരാബാദിലെ കേന്ദ്ര ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
കുറ്റപത്രം സമർപ്പിച്ചത് 2020 ജനുവരി 25നാണ്. സയനൈഡ് നൽകിയെന്ന് ആരോപണമുയർന്ന സ്വർണപ്പണിക്കാരൻ പ്രജികുമാർ, ജ്വല്ലറി ജീവനക്കാരൻ മഞ്ചാടിയിൽ എം.എസ്. മാത്യു എന്നിവരാണ് കേസിൽ മറ്റു പ്രതികൾ.