NADAMMELPOYIL NEWS
OCTOBER 27/2022

തിരുവമ്പാടി: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ച കൂടരഞ്ഞി സ്വദേശി സിന്ധുവിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മരുന്നിന്‍റെ പാർശ്വഫലമാകാം സിന്ധുവിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിലെ സൂചന. ഇക്കാര്യത്തിലടക്കം വ്യക്തത ലഭിക്കുന്നതിന് വേണ്ടി ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയച്ചു.
മരുന്ന് മാറി കുത്തിവെച്ചതിനെ തുടര്‍ന്നാണ് വീട്ടമ്മയായ കൂടരഞ്ഞി സ്വദേശി സിന്ധു മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ ആരോപണം മെഡിക്കൽ കോളേജ് അധികൃതർ നിഷേധിച്ചു. ആരോപണം തെറ്റാണെന്നും സിന്ധുവിന് കുത്തിവച്ചത് നിർദ്ദേശിച്ച മരുന്നുതന്നെയാണെന്നുമാണ് മെഡിക്കൽ കോളേജ് അധികൃതർ അറിയിക്കുന്നത്.
കടുത്ത പനിയെ തുടര്‍ന്നാണ് കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡെങ്കിപ്പനിക്ക് ഉള്‍പ്പെടെ പരിശോധന നടത്തി. ഇന്നലെ വൈകിട്ട് കുത്തിവെപ്പ് എടുത്തതോടെ ആരോഗ്യം മെച്ചപ്പെട്ടു. എന്നാല്‍ രാവിലെ രണ്ടാം ഡോസ് കുത്തി വെപ്പ് എടുത്തതോടെ ആരോഗ്യ നില വഷളായി. പെട്ടെന്ന് കുഴഞ്ഞു വീണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മരുന്ന് മാറി നല്‍കിയെന്ന ആരോപണം നിഷേധിച്ച മെഡിക്കല്‍ കോളേജ് അധികൃതര്‍, രോഗിക്ക് നിര്‍ദ്ദേശിച്ചിരുന്ന പെന്‍സിലിന്‍ തന്നെയാണ് നല്‍കിയതെന്ന് ആവ‍ര്‍ത്തിക്കുകയാണ്. മാറികുത്തിവെച്ചതാണ് മരണ കാരണമെന്ന ബന്ധുക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 304 എ വകുപ്പ് പ്രകാരമാണ് കേസ്. ആരോഗ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *