NADAMMELPOYIL NEWS
OCTOBER 22/2022

കോഴിക്കോട്: പന്തീരാങ്കാവിൽ കടിച്ച നായയെ കീഴ്പ്പെടുത്തി യുവാവ്. നടുവീട്ടിൽ നാസർ ആണ് ദേഹമാസകലം കടിയേറ്റിട്ടും നായയെ സാഹസികമായി കീഴ്പ്പെടുത്തിയത്. നാസറിനെ കടിച്ച വളർത്തു നായയെ ഉടമസ്ഥൻ കൊണ്ട് പോയെങ്കിലും പിന്നീട് ചത്തു. ദേഹത്ത് പലയിടത്തും കടിയേറ്റിട്ടും അതി സാഹസികമായാണ് നായയെ നാസർ കീഴ്പെടുത്തിയത്. ഒടുവിൽ പ്രദേശ വാസികൾ കൂടിയെത്തി നായയുടെ കാല് കെട്ടിയിടുകയായിരുന്നു. ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് കുട്ടികളടക്കമുള്ളവർക്ക് കടിയേൽക്കാൻ സാധ്യതയുണ്ടായിരുന്നതിനാലാണ് നായയെ കീഴ്പ്പെടുത്താൻ ശ്രമിച്ചതെന്നാണ് നാസർ പറയുന്നത്.
നാസറിന്റെ വാക്കുകൾ ഇങ്ങനെ..

പന്നിയൂർക്കുളത്തുനിന്ന് പാറക്കുളത്തേക്കുള്ള റോഡിൽ വരുന്ന വഴി, പിന്നാലെ എത്തിയ ഒരു നായ കടിക്കാൻ ആഞ്ഞു. കൈ കൊണ്ട് ആട്ടിയോടിക്കാൻ ശ്രമിക്കുന്നതിനിടെ പട്ടി വിരലിൽ കടിക്കുകയായിരുന്നു. വിരലിൽ കടിച്ചയുടൻ കഴുത്തിന് പിടിച്ച് നായയുടെ കടിയിൽ നിന്ന് വിരൽ വിടുവിച്ചെടുത്തു. ശേഷം നായയെ കീഴ്പ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ നായക്കൊപ്പം ഞാനും വീഴുകയായിരുന്നു.
കടിയേറ്റപ്പോൾ എനിക്ക് വേണമെങ്കിൽ മാറി നിൽക്കുകയോ ഓടി മാറുകയോ ചെയ്യാമായിരുന്നു. എന്നാൽ പ്രദേശത്തുള്ള കുട്ടികളെയെല്ലാം കടിക്കാൻ സാധ്യതയുള്ളതിനാലാണ് നായയെ ഏതു വിധേനയും കീഴ്പ്പെടുത്താൻ ഞാൻ തുനിഞ്ഞത്. നായയെ പിടിച്ചപ്പോഴും അത് ആക്രമണ സ്വഭാവം കാണിച്ച് കുതറുകയായിരുന്നു. ഒടുവിൽ നയയുടെ മേൽ ഞാൻ കിടന്നു. അങ്ങനെയാണ് നാട്ടുകാർ നായയുടെ കാലുകൾ കെട്ടിയിടുന്നത്. തുടർന്നും നായ ആക്രമണം നടത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഉടമയ്ക്കും എനിക്കും മാത്രമാണ് കടിയേറ്റത്. ഇത്തരത്തിൽ അപകടകാരികളായ വളർത്തുനായകളെ കൂട്ടിന് പുറത്തിറക്കി വളർത്തുന്നത് ശരിയല്ല. പിന്നെ തെരുവ് നായയും വളർത്തുനായയും തമ്മിൽ വ്യത്യാസമില്ലല്ലോ, ഇക്കാര്യത്തിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാസർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *