NADAMMELPOYIL NEWS
OCTOBER 08/2022

കോഴിക്കോട്: വിനോദസഞ്ചാരത്തിന് പോവുന്ന വാഹനങ്ങളില്‍ പ്രത്യേകിച്ച് വിദ്യാര്‍ഥികളുമായി പോവുന്ന വാഹനങ്ങളില്‍ അനധികൃത രൂപമാറ്റം, അമിത ശബ്ദ, വെളിച്ച സംവിധാനങ്ങള്‍, ഡാന്‍സ് ഫ്‌ളോറുകള്‍, അമിത വേഗത എന്നിവ തടയുന്നതിനായുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ സംസ്ഥാനമൊട്ടാകെയുള്ള സ്‌പെഷ്യല്‍ ഡ്രൈവ് ‘ഓപറേഷന്‍ ഫോക്കസ് 3’ വെള്ളിയാഴ്ച തുടങ്ങി. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ നടത്തിയ ‘ഓപറേഷന്‍ ഫോക്കസ് 2’ ഡ്രൈവില്‍ സംസ്ഥാനത്ത് 3888 കുറ്റങ്ങള്‍ കണ്ടെത്തി, 26,61,050 രൂപ പിഴ ചുമത്തിയിരുന്നു.

വിദ്യാലയങ്ങളില്‍ നിന്ന് വിനോദയാത്ര പോവുന്ന സീസണ്‍ പരിഗണിച്ചും വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലും ഗതാഗത മന്ത്രിയുടെ നിര്‍ദേശാനുസരണം ഇത്തരം കുറ്റങ്ങള്‍ കര്‍ശനമായി തടയുന്നതിന് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് / സബ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസുകളിലേതുള്‍പ്പെടെയുള്ള ഫീല്‍ഡ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചാണ് ‘ഫോക്കസ് 3’ തുടങ്ങിയത്. ഡ്രൈവ് ഒക്ടോബര്‍ 16 വരെ നീണ്ടുനില്‍ക്കും.
കൂടാതെ വിദ്യാഭ്യാസസ്ഥാപന മേധാവികള്‍ വിനോദ സഞ്ചാരത്തിന് പോവുന്ന വാഹനങ്ങളുടെ വിശദാംശമുള്‍പ്പെടെയുള്ള യാത്രാ വിവരം അതത് ജോയിന്റ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ /റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാരെ മുന്‍കൂട്ടി അറിയിക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിക്കുന്ന മുറയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്‌പെക്ടര്‍മാര്‍ വാഹന പരിശോധന നടത്തി വാഹനം മോട്ടോര്‍ വാഹന നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമാണെന്ന് ഉറപ്പാക്കുകയും സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിന് വേണ്ട ബോധവത്കരണം ഡ്രൈവര്‍ക്കും ടീം ലീഡര്‍ക്കും നല്‍കുകയും ചെയ്യും.

നിയമവിരുദ്ധ അപകടകരമായ രൂപമാറ്റം, അമിതവേഗത തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഫിറ്റ്‌നസ് റദ്ദു ചെയ്യല്‍, രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഷന്‍, ലൈസന്‍സ് സസ്‌പെന്‍ഷന്‍ മുതലായ നിയമനടപടികള്‍ കൈക്കൊള്ളുന്നതിനും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം കുറ്റങ്ങള്‍ ശ്രദ്ധിക്കപ്പെട്ടാല്‍ അതാത് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാരുടെ മൊബൈല്‍ ഫോണില്‍ (വെബ് സൈറ്റില്‍ നല്‍കിയിട്ടുള്ള) പൊതുജനങ്ങള്‍ക്കും അറിയിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *