NADAMMELPOYIL NEWS
OCTOBER 07/2022

കണ്ണൂര്‍: തലശ്ശേരിയില്‍ വിദ്യാര്‍ഥികളെ കയറ്റാതെ മഴയത്ത് നിര്‍ത്തിയ സ്വകാര്യബസ്സിനെതിരേ നടപടി. സിഗ്മ എന്ന സ്വകാര്യ ബസ്സിന് 10,000 രൂപ പിഴയിട്ടു. തലശ്ശേരി ആര്‍ടിഒയുടേതാണ് നടപടി. ബസ് തലശ്ശേരി പോലിസ് കസ്റ്റഡിയിലെടുത്തു. ബസ് ജീവനക്കാരുടെ മൊഴിയെടുക്കുമെന്ന് പോലിസ് അറിയിച്ചു. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും റിപോര്‍ട്ട് തേടി. ബസ് ഇന്നലെ രാവിലെ കോഴിക്കോട് നിന്ന് കണ്ണൂരിലേയ്ക്ക് വരുമ്പോഴാണ് സംഭവം.

ബസ് പുറപ്പെടുന്നതിന്റെ തൊട്ടുമുമ്പ് മാത്രം കയറിയാല്‍ മതിയെന്ന് പറഞ്ഞ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ മഴയത്ത് നിര്‍ത്തിയെന്നാണ് പരാതി. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന സിഗ്മ ബസ് രാവിലെ ഒമ്പത് മണിയോടെ ബസ് സ്റ്റാന്റിലെത്തിയപ്പോഴാണ് സംഭവം നടന്നത്. നല്ല മഴയുണ്ടായിരുന്നിട്ടും എല്ലാ ആളുകളും കയറിയതിന് ശേഷം ബസ് പുറപ്പെട്ടപ്പോള്‍ മാത്രമാണ് വിദ്യാര്‍ഥികളെ ബസ്സസില്‍ കയറാന്‍ അനുവദിച്ചത്.

അതുവരെ അവര്‍ മഴ നനഞ്ഞ് ബസ്സിന്റെ ഡോറിന് സമീപം കയറാന്‍ കാത്തുനില്‍ക്കുകയായിരുന്നു. ബാഗും ബുക്കുകളുമായി വിദ്യാര്‍ഥികള്‍ മഴ നനഞ്ഞ് നില്‍ക്കുന്ന വീഡിയോ കൃഷ്ണകുമാര്‍ എന്നയാളാണ് പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ബസ് തലശ്ശേരി പോലിസിന്റെ കസ്റ്റഡിയിലാണ് ഇപ്പോഴുള്ളത്. എന്നാല്‍, കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് പോലിസിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *