NADAMMELPOYIL NEWS
OCTOBER 06/2022

ഹരിപ്പാട്: ചെറിയൊരു മറുകുപോലെ ജന്മനാ ശരീരത്ത് പ്രത്യക്ഷപ്പെട്ട് ഒടുവിൽ, മുഖമുൾപ്പെടെ 80 ശതമാനം ഭാഗത്തേക്ക് വ്യാപിച്ചി​ട്ടും ആത്മവിശ്വാസത്തോടെ സമൂഹത്തിൽ ഇടപഴകിയ പ്രഭുലാൽ പ്രസന്നൻ (25) ഓർമ്മയായി​. കോഴിക്കോട് എം.വി.ആർ കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചി​കിത്സയിലിരിക്കെയാണ് മരണം.

തൃക്കുന്നപുഴ പല്ലന കൊച്ചുതറ തെക്കതിൽ പ്രസന്നൻ- ​ബിന്ദു ദമ്പതികളുടെ മകനായ പ്രഭുലാൽ പ്രസന്നൻ കലാരംഗത്തും സജീവ സാന്നിദ്ധ്യമായിരുന്നു. മുഖത്തും ശരീരത്തുമുള്ള വലിയ മറുകിന്റെ പേരിലാണ് പ്രഭുലാലിനെ എല്ലാവർക്കും പരിചിതം. ‘എന്റെ മുഖത്തെ കറുത്ത മറുകാണ് എന്റെ അടയാളം, അതെന്നെ ലോകത്തിൽ വേറിട്ട വ്യക്തിത്വമായി നിലനിറുത്തുന്നു-‘ പ്രഭുലാലിന്റെ ഫേസ്ബുക്കിലെ ഈ വാക്കുകളിൽ തന്നെയുണ്ട് ആത്മധൈര്യം.
ജന്മനാ ശരീരത്തിൽ കാണപ്പെട്ട മറുക് പ്രഭുലാലിനൊപ്പം വളർന്നപ്പോൾ മുഖത്തിന്റെ പാതിയും കവർന്നെടുത്തു. മുഖത്തും വയറ്റിലും നെഞ്ചിലുമായി വളർന്നിറങ്ങിയ മറുക് ശരീരത്തെ കവർന്നെടുത്തകൊണ്ടിരുന്നു.

മാലിഗ്നന്റ് മെലോമ എന്ന സ്​കിൻ കാൻസർ ആണ് മരണത്തിലേക്ക് വലിച്ചിഴച്ചത്. കഴിഞ്ഞ മാർച്ചിലാണ് വലത് തോൾഭാഗത്തു കാണപ്പെട്ട മുഴ പഴുത്തു അസഹനീയമായ വേദനയുണ്ടായത്. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്ന് ശാസ്ത്രക്രിയകൾ നടത്തിയെങ്കിലും മുഴ വീണ്ടും വന്നു. പഴുത്ത് വലത് കൈക്ക് സ്വാധീനം കുറയുകയും ചെയ്തോടെയാണ് സ്​കിൻ കാൻസറാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് വിദഗ്ദ്ധ ചികിത്സയിലിരിക്കെയാണ് അന്ത്യമുണ്ടായത്. മറുക് തന്റെ വ്യക്തി ജീവിതത്തെ തെല്ലും ബാധിച്ചിട്ടില്ലെന്ന് സമൂഹത്തിനു കാണിച്ചു നൽകിയ പ്രഭുലാൽ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. നിസാര കാര്യങ്ങൾക്ക് തളർന്നു പോകുന്ന തലമുറയ്ക്ക്

ആത്മവിശ്യാസം പകരുന്നതായിരുന്നു പ്രഭുലാലിന്റെ ജീവിതം.

Leave a Reply

Your email address will not be published. Required fields are marked *