NADAMMELPOYIL NEWS
OCTOBER 06/2022
കോഴിക്കോട്: സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ അകാല വേർപാട് കേരളത്തിന്റെ പൊതുമണ്ഡലത്തിന് കനത്ത നഷ്ടമാണെന്ന് കോഴിക്കോട് പൗരാവലിയുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി അനുശോചന യോഗം അഭിപ്രായപ്പെട്ടു. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തമായി മുന്നോട്ടുനയിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച അദ്ദേഹത്തിന്റെ നിര്യാണം വേദനാജനകമാണ്. മികച്ച പാർലമെന്റേറിയനായിരുന്ന കോടിയേരി നിയമസഭാംഗമായും ആഭ്യന്തരമന്ത്രിയായും ഏറെ ശോഭിച്ചു. കൈകാര്യംചെയ്‌ത വകുപ്പുകളിൽ നൂതനമായ ആശയങ്ങൾ നടപ്പാക്കി. ജയിൽ പരിഷ്‌കാരം, ജനമൈത്രി പൊലീസ്, സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവയെല്ലാം ഇതിനുദാഹരണങ്ങളാണ്. അദ്ദേഹത്തിന്റെ സംഭാവനകൾ കാലമെത്രകഴിഞ്ഞാലും വലിയ നിലയിൽ വിലമതിക്കപ്പെടും. കോഴിക്കോടുമായി പതിറ്റാണ്ടുകൾ നീണ്ട ആത്മബന്ധമാണ് അദ്ദേഹത്തിനുള്ളത്. സിപിഐ എം സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എൽഡിഎഫിലെ ഘടകകക്ഷികളെ കൂട്ടിയിണക്കുന്നതിന് മുന്നിൽ നിന്നു. കോടിയേരിയുടെ ഹൃദ്യമായ പെരുമാറ്റവും പക്ഷപാതരഹിതമായ സമീപനവും ആരെയും ആകർഷിക്കുന്നതായിരുന്നെന്നും യോഗം അഭിപ്രായപ്പെട്ടു. ടൗൺഹാളിൽ ചേർന്ന യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ അധ്യക്ഷനായി. മന്ത്രി പി എ മുഹമ്മദ് റിയാസ്, എളമരം കരീം എംപി, മേയർ ഡോ. ബീന ഫിലിപ്പ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി വി ബാലൻ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ പ്രവീൺകുമാർ, ബിജെപി ജില്ലാ പ്രസിഡന്റ് വി കെ സജീവൻ, കേരള കോൺഗ്രസ് ജോസഫ് ജില്ലാ പ്രസിഡന്റ് ടി എം ജോസഫ്, ജനതാദൾ എസ് പ്രസിഡന്റ് കെ ലോഹ്യ, ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, ഐഎൻഎൽ നേതാവ് അസീസ്, ടി പി ദാസൻ എന്നിവർ സംസാരിച്ചു. പി മോഹനൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ്‌കുമാർ സ്വാഗതം പറഞ്ഞു.