NADAMMELPOYIL NEWS
OCTOBER 06/2022
കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് നിരോധന വിഷയത്തില്‍ ഭിന്നത പരസ്യമാക്കിയ നേതാക്കള്‍ക്കു താക്കീതുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.
നേതാക്കള്‍ പുറത്തു നിലപാട് പറയുമ്പോള്‍ ഏകസ്വരത്തിലാകണമെന്നു തങ്ങള്‍ പറഞ്ഞു. അണികള്‍ തമ്മില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കണം. മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലായിരുന്നു തങ്ങളുടെ പ്രതികരണം.
മുതിര്‍ന്ന നേതാക്കളുടെ വാക് പോര് പാര്‍ട്ടിക്കു പൊതുജന മധ്യത്തില്‍ ക്ഷീണമുണ്ടാക്കിയെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് സംസ്ഥാന അധ്യക്ഷന്റെ ഇടപെടല്‍. പ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കുന്ന നിലപാട് നേതാക്കള്‍ സ്വീകരിക്കരുതെന്നു സംസ്ഥാന കൗണ്‍സില്‍ യോഗത്തിനിടെ തങ്ങള്‍ ആവശ്യപ്പെട്ടു.
ഇ.ടി. മുഹമ്മദ്ബഷീര്‍ അധ്യക്ഷനായ ഉപസമിതിയുടെ ഭരണഘടനാ ഭേദഗതിക്കുള്ള നിര്‍ദേശത്തിനു സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്കി. ഒരാള്‍ക്ക് ഒരു പദവിക്കു പുറമേ യൂണിറ്റ്തലം മുതല്‍ സഹഭാരവാഹികളുടെ എണ്ണം നിജപ്പെടുത്തും. നവംബറില്‍ സിപിഎം മാതൃകയില്‍ ശാഖാ തലം മുതല്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. അടുത്ത മാര്‍ച്ചോടെ പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുക്കാനും സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു.