NADAMMELPOYIL NEWS
OCTOBER 05/2022

കോട്ടയം: പഴക്കടയിൽ നിന്നും മാമ്പഴം മോഷ്ടിച്ച പോലീസുകാരന് സസ്‌പെൻഷൻ. ഇടുക്കിയിലെ സിവിൽ പോലീസ് ഓഫീസർ ഷിഹാബിനെയാണ് സസ്‌പെൻഡ് ചെയ്തത്. പുലർച്ചെ പഴക്കടയിൽ നിന്നും ഷിഹാബ് മാമ്പഴം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. ഇത് പോലീസ് സേനയ്‌ക്ക് വലിയ നാണക്കേട് ഉണ്ടാക്കിയതോടെയായിരുന്നു ഷിഹാബിനെ സസ്‌പെൻഡ് ചെയ്തത്.

ഇടുക്കി ജില്ലാ പോലീസ് മേധാവിയാണ് സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഷിഹാബിന്റെ പ്രവൃത്തി പോലീസ് സേനയ്‌ക്ക് ഒട്ടാകെ കളങ്കം ഉണ്ടാക്കിയെന്നാണ് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും വാർത്തകളും പുറത്തുവന്നതോടെ പോലീസിനെതിരെ വലിയ വിമർശനങ്ങളും പരിഹാസവും ഉയർന്നുവന്നിരുന്നു.
കഴിഞ്ഞ മാസം 30നായിരുന്നു ഷിഹാബിന്റെ മാമ്പഴ മോഷണം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഷിഹാബ്. ഇതിനിടെയായിരുന്നു കിലോയ്‌ക്ക് 600 രൂപ വിലവരുന്ന 10 കിലോ മാമ്പഴം മോഷ്ടിച്ചത്. ആരുമില്ലെന്ന് ഉറപ്പുവരുത്തിയായിരുന്നു മോഷണം എങ്കിലും സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ സംഭവം പതിയുകയായിരുന്നു.

മോഷണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷിഹാബ്. നേരത്തെ മുണ്ടക്കയം പോലീസ് സ്‌റ്റേഷനിൽ ഇയാൾക്കെതിരെ പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെ സസ്‌പെൻഷനിലായ ഷിഹാബ് അടുത്തിടെയാണ് സർവ്വീസിൽ തിരിച്ചു കയറിയത്. സംഭവ ശേഷം ഷിഹാബ് ഒളിവിൽ ആണെന്നാണ് പോലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *