NADAMMELPOYIL NEWS
SEPTEMBER 01/2022
കൊച്ചി: പ്രണയം തലയ്ക്ക് പിടിച്ച് ഒന്നിച്ച് മരിക്കാൻ ഇറങ്ങിത്തിരിച്ച കമിതാക്കളിൽ കാമുകിക്ക് മരണം. യുവതി ട്രെയിനിന് മുന്നിലേക്ക് ചാടുന്നത് നോക്കി നിന്ന് യുവാവ്. സെപ്തംബർ 15ന് രാത്രി തൃപ്പൂണിത്തുറ റെയിൽവേ ഓവർബ്രിഡ്ജിന് സമീപം ട്രെയിനിടിച്ച് മരിച്ച ഇരുപത്തിയൊന്നുകാരിയായ ഇടുക്കി രാജകുമാരി സ്വദേശിനി വിദ്യയെ കാമുകൻ വിഷ്ണു ചതിക്കുകയായിരുന്നു. ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞായിരുന്നു വിഷ്ണു വിദ്യയേയും കൂട്ടി റെയിൽവേ ട്രാക്കിനടുത്തേക്ക് വന്നത്. എന്നാൽ, ട്രെയിൻ വന്നപ്പോൾ വിദ്യ എടുത്തുചാടിയെങ്കിലും വിഷ്ണു ചാടിയില്ല. വിദ്യ ചാടുന്നത് വിഷ്ണു നോക്കി നിന്നു.
സംഭവത്തിൽ വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യമായ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. അറസ്റ്റിന് ശേഷമുള്ള ചോദ്യം ചെയ്യലിൽ സംഭവം എന്താണെന്ന് വിഷ്ണു പോലീസുകാരോട് വെളിപ്പെടുത്തി. ഇടുക്കി ഉടുമ്പൻചോല സ്വദേശി വിഷ്ണു(23) ആണ് അറസ്റ്റിലായത്. പ്ളസ് ടു കഴിഞ്ഞ് തൊടുപുഴയിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് വിദ്യ വിഷ്ണുവുമായി പ്രണയത്തിലായത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് വിദ്യ പഠനം നിർത്തി. പത്ത് മാസം മുമ്പ് കാക്കനാട്ടെ സൂപ്പർ മാർക്കറ്റിൽ ജോലിക്ക് കയറി. വിദ്യയുടെ അച്ഛനും അമ്മയും കൂലിപ്പണിക്കാരാണ്. മസ്തിഷ്കാഘാതം വന്നതിനെ തുടർന്ന് അച്ഛന് ഇപ്പോൾ ജോലിക്ക് പോകാനാവില്ല. വിദ്യയുടെ കൂടി ശമ്പളം കൊണ്ടാണ് കുടുംബം ചികിത്സയ്ക്കും മറ്റും ചെലവുകൾ കണ്ടെത്തിയിരുന്നത്.
വിഷ്ണുവിന്റെ കുടുംബപശ്ചാത്തലം മറ്റൊന്നാണ്. അച്ഛനും അമ്മയും വേറിട്ട് കഴിയുകയാണ്. ഇയാളുടെ അമ്മയും സഹോദരിയും സീരിയൽ മേഖലയിലാണ്. അമ്മയുടെ കൂടെയും പെങ്ങളുടെയും കൂടെയും മാറി മാറിയാണ് വിഷ്ണു താമസിച്ചിരുന്നത്. പെങ്ങളുടെ ഫ്‌ളാറ്റിൽ വിഷ്ണുവിനൊപ്പം വിദ്യയും എത്താറുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. വിദ്യയുമായി വിഷ്ണു പലതവണ വഴക്കുണ്ടാക്കിയിട്ടുണ്ട്. വേറെ പെൺകുട്ടിയുമായി ബന്ധമുള്ളതിനെ ചൊല്ലി തർക്കങ്ങളും പതിവായിരുന്നു. വിദ്യയെ ഒഴിവാക്കാനും വിഷ്ണു ശ്രമിച്ചിരുന്നു.
ഓണത്തിന് വിദ്യ വീട്ടിൽ പോയതിനെ ചൊല്ലി വിഷ്ണു വലിയ വഴക്കുണ്ടാക്കിയെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ വിഷ്‌ണുവിന്റെ പെങ്ങളുടെ ഫ്‌ളാറ്റിൽ പോലീസെത്തി. ഇവിടെ വച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായതായി പോലീസ് കണ്ടെത്തി. വിദ്യയെ വിഷ്ണു മർദ്ദിച്ചിരുന്നു. രാത്രി വിദ്യയെ വിഷ്ണു വലിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞാണ് വിഷ്ണു വിദ്യയെ കൊണ്ടുപോയത്. ട്രെയിൻ വന്നപ്പോൾ വിദ്യ ചാടി, വിഷ്ണു ചാടിയില്ല. വിദ്യയുടെ മരണം നോക്കി നിന്നു. വിദ്യയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് അന്വേഷണവും വിഷ്ണുവിന്റെ അറസ്റ്റും.