NADAMMELPOYIL NEWS
OCTOBER 03/2022
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഭീകരരെ പാർട്ടിയിലേക്ക് വീണ്ടും ക്ഷണിച്ച് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി.അവർക്കായി വാതിലുകൾ തുറന്നു വെയ്‌ക്കുക തന്നെ ചെയ്യുമെന്നും തെരുവിലേക്ക് വലിച്ചെറിയാൻ ലീഗുണ്ടാവില്ലെന്നും ഷാജി പറഞ്ഞു. മുമ്പ് നിരോധനം നേരിട്ട സിമി നേതാക്കൾ ഇടത്പക്ഷ സർക്കാരിൽ മന്ത്രിയായില്ലേയെന്ന് അദ്ദേഹം ചോദിച്ചു. മലപ്പുറം വളാഞ്ചേരിയിൽ മുസ്ലീം ലീഗ് സംഘടിപ്പിച്ച മഹാത്മാ ഗാന്ധി അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻഡിഎഫിന്റെ കുട്ടികൾ മുഖ്യധാര രാഷ്‌ട്രീയ പാർട്ടികളിലേക്ക് തിരിച്ചുവരണമെന്നും അവർ രാഷ്‌ട്ര നിർമ്മാണ പ്രക്രിയയിൽ പങ്കാളിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആദ്യം നിരോധിച്ച സംഘടന സിമിയല്ലായിരുന്നോ അതിലെ നേതാക്കൾ ഇപ്പോൾ എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മന്ത്രിസഭയിൽ ആ സിമിയുടെ മുൻ നേതാവ് ഉണ്ടായിരുന്നില്ലേ? അവർ സിമിയാണെന്ന് പറഞ്ഞ് ചവിട്ടിപ്പുറത്താക്കിയിരുന്നോ എന്ന് കെഎം ഷാജി കുറ്റപ്പെടുത്തി.
ഞങ്ങളവരെ വിളിക്കുന്നത് സിപിഎമ്മിലേക്കല്ല.ലീഗിലേക്കാണ്.സിപിഎമ്മുകാർ തല കുത്തി നിന്നാലും തെറ്റിദ്ധരിച്ചുപോയ എൻഡിഎഫുകാർ മുഖ്യധാരാ രാഷ്‌ട്രീയ പാർട്ടികളിലേക്ക് തിരിച്ചുവരണമെന്നും അവർക്ക് വേണ്ടി ലീഗിന്റെ വാതിലുകൾ തുറന്നുവെക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഡിഎഫിനെ അതിന്റെ ഒന്നാമത്തെ ദിവസം മുതൽ എതിർത്തത് ഞങ്ങളാണ്.തിരഞ്ഞെടുപ്പിന്റെ ഏറ്റവും നിർണായകമായ സമയത്ത് വോട്ടുകൾ എണ്ണി നോക്കിയാൽ ഒരു ചെറിയ ശതമാനത്തിന്റെ വ്യത്യാസമുണ്ടെന്ന് മനസിലാക്കിയിട്ടും,നിങ്ങളുടെ തീവ്രവാദ വോട്ടുകൾ വേണ്ടെന്ന് പറഞ്ഞാണ് ലീഗ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് കെഎം ഷാജി അവകാശപ്പെട്ടു.
അതേസമയം പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന്റെ പേരിൽ മുസ്ലീംലീഗിൽ ഭിന്നത ശക്തമാകുകയാണ്.പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് തെറ്റായി പോയി എന്നാണ് ഒരു പക്ഷം നേതാക്കളുടെ അഭിപ്രായം.