NADAMMELPOYIL NEWS
OCTOBER 03/2022
കോട്ടയം: ചങ്ങനാശേരി പൂവത്തെ ദൃശ്യം മോഡൽ കൊലപാതകത്തിൽ നിർണായകമായ വെളിപ്പെടുത്തൽ. കൊല്ലപ്പെട്ട ബിന്ദു കുമാറിന് പ്രതിയായ മുത്തു കുമാറിന്റെ ഭാര്യയുമായുള്ള ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സൂചനയാണ് പുറത്തുവരുന്നത്. കയർ ഫാക്ടറി തൊഴിലാളിയും ആര്യനാട് സ്വദേശിയുമായ ബിന്ദു കുമാറിനെ കൊലപ്പെടുത്തി മുത്തു വീടിനുള്ളിൽ കുഴിച്ചിടുകയായിരുന്നു.
ബിന്ദുകുമാറിന് തൻ്റെ ഭാര്യയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി പ്രതിയായ മുത്തു കുമാറിന് സംശയമുണ്ടായിരുന്നു. ഇതേപ്പറ്റി ചോദിച്ചറിയുന്നതിനാണ് ചങ്ങനാശേരി പൂവത്തെ വീട്ടിൽ ബിന്ദു കുമാറിനെ വിളിച്ചു വരുത്തിയത്. ഇവിടെവച്ച് മുത്തുവും മറ്റ് പ്രതികളും ചേർന്ന് കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച സൂചന. കേസിൽ ഉൾപ്പെട്ടിരിക്കുന്ന രണ്ടു പ്രതികൾ സംസ്ഥാനം വിട്ടതായും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായും ചങ്ങനാശേരി പോലീസ് അറിയിച്ചു.
ബിന്ദു കുമാറും പ്രതിയായ മുത്തു കുമാറിന്റെ ഭാര്യയും തമ്മിൽ സൗഹൃദമുണ്ടായിരുന്നു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. മുത്തു കുമാറിന്റെ ഭാര്യ വിദേശത്താണ്. ഒരു മാസം മുൻപ് മുത്തു കുമാറിന് പണം അയച്ചുകൊടുത്ത ഭാര്യ ഇതിൽ നിന്നും 5000 രൂപ ബിന്ദു കുമാറിന് നൽകണമെന്ന് അറിയിച്ചു. ഈ പണം എന്തിനാണ് നൽകുന്നതെന്ന് ചോദിച്ച് മുത്തുകുമാറും ഭാര്യയും തമ്മിൽ വഴക്കുണ്ടാക്കി. ഇതോടെയാണ് ബിന്ദു കുമാറിന് തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് മുത്തു കുമാറിന് സംശയമുയർന്നത്.
സംഘർഷത്തിനിടെയുണ്ടായ മർദനത്തിൽ ബിന്ദു കുമാർ കൊല്ലപ്പെടുകയായിരുന്നു. ക്രൂര മർദനത്തിനും ഒടുവിലാണ് ബിന്ദു കുമാർ മരിച്ചത്. പ്രതിയായ മുത്തു കുമാറിന് ചങ്ങനാശേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. തുടരന്വേഷണത്തിന്റെ ഭാഗമായി ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് അറിയിച്ചു. ആലപ്പുഴ നോർത്ത് പോലീസ് കലവൂർ ഐടിസി കോളനിയിൽ നിന്നും ഞായറാഴ്ചയാണ് മുത്തുവിനെ പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിൻ്റെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി സി ജി സനൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള 20 അംഗ സംസംഘമാണ് കേസ് അന്വേഷിക്കുന്നത്.