NADAMMELPOYIL NEWS
OCTOBER 02/2022
കേരളത്തിലെ വൈദ്യുതി ഉത്പാദനത്തിന്റെ 12 ശതമാനം നല്‍കുന്നത് കുറ്റ്യാടിയാണ്. കക്കയവും ബാണാസുര സാഗറും വൈദ്യുതിക്കാവശ്യമായ വെള്ളം നല്‍കുന്നു. കേരളത്തിലെ മൂന്നാമത്തെ വലിയ ജലവൈദ്യുത പദ്ധതിയാണ് കുറ്റ്യാടി. 1972 സെപ്റ്റംബര്‍ 30 ന് പദ്ധതി കക്കയത്ത് പ്രവര്‍ത്തനം തുടങ്ങി.
25 മെഗാവാട്ട് ശേഷിയുള്ള മൂന്ന് മെഷീനുകള്‍ അടങ്ങിയ ഒന്നാം ഘട്ട പവര്‍സ്റ്റേഷന്റെ ഉദ്ഘാടനം മന്ത്രി വി ആര്‍ കൃഷ്ണയ്യരാണ് നിര്‍വഹിച്ചത്. 2021 ല്‍ 7770 ലക്ഷം യൂണിറ്റാണ് കുറ്റ്യാടിയുടെ ഉത്പാദനം. ഇത് സര്‍വകാല റെക്കോര്‍ഡായി. ഈ വര്‍ഷം ആഗസ്റ്റ് വരെ 6690 ലക്ഷം യൂണിറ്റ് ഉദ്പാദനം പിന്നിട്ടു. ഇനിയുള്ള 4 മാസം കൂടിയാകുമ്പോള്‍ സുവര്‍ണ്ണജൂബിലി വര്‍ഷത്തില്‍ ഏറ്റവും കൂടിയ ഉത്പാദനമാവും. സുവര്‍ണ്ണജൂബിലി ദിനത്തില്‍ ദീപാലങ്കാരത്തിലായി പവര്‍ സ്റ്റേഷന്‍.
ഒരു ദിവസത്തെ പ്രവര്‍ത്തനത്തിന് വേണ്ടത് 35 ലക്ഷം ക്യൂബിക് മീറ്റര്‍ വെള്ളം. ഇതില്‍ 22.5 ലക്ഷം ക്യൂബിക് മീറ്റര്‍ വെള്ളം കക്കയം ഡാമില്‍ നിന്നാണ്. ശേഷിച്ചത് നല്‍കുന്നത് ബാണാസുര സാഗര്‍ ഡാം. കുറഞ്ഞ ഉത്പാദന ചെലവാണ് കൂറ്റിയാടി പദ്ധതിയുടെ സവിശേഷത. നിലവില്‍ ആകെ ഉത്പാദന ശേഷി 231.75 മെഗാവാട്ടാണ്. കക്കയത്തെ ഉത്പാദന കേന്ദ്രത്തില്‍ നിന്ന് 2 ലൈന്‍ കോഴിക്കോട് നല്ലളം സബ് സ്റ്റേഷനിലേക്കും 2 എണ്ണം കണ്ണൂര്‍ കാഞ്ഞിരോട് ഫീഡറുമായും ബന്ധിപ്പിക്കുന്നു. 50 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിന ഉത്പാദനം 7.5 മെഗാവാട്ട് വര്‍ധന ലക്ഷ്യമിടുന്ന 89.82 കോടി രൂപയുടെ നവീകരണം 2025 ഓടെ പൂര്‍ത്തിയാകും.