NADAMMELPOYIL NEWS
SEPTEMBER 23/2022
തിരുവനന്തപുരം: ഹർത്താലിന്റെ പേരിൽ സംസ്ഥാനത്ത് ഉടനീളം വ്യാപക അക്രമം അഴിച്ചുവിട്ട് പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ. സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങൾക്ക് നേരെ വ്യാപകമായ കല്ലേറ് ഉണ്ടായി. തിരുവനന്തപുരം,ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ് ഉണ്ടായി.
കൊച്ചിയിൽ ആലുവ കമ്പനിപ്പടി ഗ്യാരേജ് ബസ് സ്റ്റോപ്പിന് മുന്നിൽ പോപ്പുലർ ഫ്രണ്ടുകാർ കെഎസ്ആർടിസി ബസ് കല്ലെറിഞ്ഞ് തകർത്തു. ചേർത്തലയ്‌ക്ക് പോവുകയായിരുന്ന ബസാണ് തകർത്തത്. പന്തളത്ത് കെഎസ്ആർടിസി ബസിന് നേരെ കല്ലേറ് ഉണ്ടായി. സ്റ്റാന്റിൽ നിന്നും ഇറങ്ങിയപ്പോഴാണ് ബസിന് നേരേ കല്ലേറ് നടന്നത്. കല്ലേറിൽ ബസിന്റെ ഫ്രണ്ട് ഗ്ലാസ് തകർന്നു. ഡ്രൈവറുടെ കണ്ണിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
കൊല്ലം അയത്തിലിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ് ഉണ്ടായി. കുളത്തുപ്പുഴയിലേക്ക് പോയ കെഎസ്ആർടിസി ലിമിറ്റഡ് സ്റ്റോപ്പ് ബസിന് നേരെയാണ് കല്ലേറുണ്ടായത്. കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപം ബസിന് നേരെ കല്ലേറ് ഉണ്ടായി. ചില്ല് തകർന്ന ബസ് ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു. വയനാട് നിന്ന് വരികയായിരുന്നു ബസ്
തിരുവനന്തപുരം അട്ടക്കുളങ്ങരയിലും കെഎസ്ആർടിസി ബസ് തകർത്തു. ബസിന്റെ പിറകിലെ ചില്ല് തകർന്നു. നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസ്സിനു നേരെയായിരുന്നു അക്രമം. കോഴിക്കോട് നാലിടത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ് ഉണ്ടായി.
സിവിൽ സ്റ്റേഷന് സമീപത്തും, ചെറുവണ്ണൂരിലും, നടക്കാവിലും കെഎസ്ആർ്ടിസി ബസ് സ്റ്റാൻഡിന് സമീപത്തു വച്ചുമാണ് കല്ലേറുണ്ടായത്. ജില്ലയിൽ മെഡിക്കൽ കോളേജിലേക്ക് മാത്രമാണ് ബസുകൾ സർവീസ് നടത്തുന്നത്. കൊല്ലം തട്ടാമലയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. ബസ്സിന്റെ ചില്ലുകൾ പൂർണമായും തകർന്നു. തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ബസിന്റെ മുൻഭാഗത്തെ ചില്ലാണ് തകർത്തത്. ആലുവ മാറമ്പിള്ളിയിലും പെരുമ്പാവൂരിലും കെ എസ് ആർ ടി സി ബസുകൾക്കു നേരെ കല്ലേറുണ്ടായി
അതേസമയം ക്രമസമാധാനം ഉറപ്പാക്കാൻ കർശന നടപടിക്ക് ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്. കടകൾ അടപ്പിക്കുന്നവരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം. സമരക്കാർ പൊതു സ്ഥലങ്ങളിൽ കൂട്ടം കൂടരുതെന്നും നിർദ്ദേശമുണ്ട്. കരുതൽ തടങ്കലിനും നിർദ്ദേശം നൽകി.