NADAMMELPOYIL NEWS
SEPTEMBER 02/2022
കോഴിക്കോട്: തെരുവുനായ ഭീഷണി നേരിടാൻ കോർപ്പറേഷൻ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ് നടത്തും. നഗരപരിധിയിൽ കണ്ടെത്തിയ ഹോട്ട് സ്‌പോട്ടുകളിലാണ് അടിയന്തര വാക്സിനേഷൻ ഡ്രൈവ് നടത്തുക. നാലുപേർക്ക് തെരുവുനായയുടെ കടിയേറ്റ നടുവട്ടത്തെ ഗോവിന്ദവിലാസം സ്‌കൂൾ പരിസരത്താണ് അദ്യ ഡ്രൈവ്. ഹോട്ട് സ്‌പോട്ടുകൾക്ക് പുറമെ വാർഡ് തലത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾ കൂടി ഉൾപ്പെടുത്തി സമഗ്ര ആക്‌ഷൻ പ്ലാൻ തയാറാക്കി ആദ്യം ഹോട്ട് സ്‌പോട്ടുകളിലും പിന്നീട് വാർഡ് തലത്തിലും വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും.
നിലവിലുള്ള ഡോഗ് ക്യാച്ചേഴ്‌സിന് പുറമെ തെരുവുനായകളെ പിടികൂടുന്നതിന് പ്രാവീണ്യമുള്ളവരുടെ സേവനം കൂടി ഉപയോഗപ്പെടുത്തും. വളർത്തുനായകൾക്ക് ലൈസൻസ് അനുവദിക്കുന്നതിന് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. സർക്കിൾ അടിസ്ഥാനത്തിൽ റസിഡൻസ് അസോസിയേഷൻ പ്രതിനിധികളെ കൂടി പങ്കെടുപ്പിച്ച് യോഗം വിളിച്ചുചേർക്കും. തെരുവുനായകൾക്കുള്ള വാക്‌സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി 22ന് കൗൺസിൽ യോഗം വിളിക്കും. തെരുവുനായശല്യം പരിഹരിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയിൽ നിലവിലുള്ള കേസിൽ കോഴിക്കോട് കോർപ്പറേഷൻ കക്ഷി ചേരുന്നതിനും യോഗത്തിൽ തീരുമാനിച്ചു. മേയർ ഡോ.ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ യോഗം ചേർന്നു.
@ അടിയന്തര വാക്സിനേഷൻ ക്യാമ്പ് നടത്തുന്ന സ്ഥലം
ബേപ്പൂർ, അരക്കിണർ, ബീച്ച്,ഗോവിന്ദപുരം, എരവത്ത്കുന്ന്.