NADAMMELPOYIL NEWS
SEPTEMBER 20/2022
വടകര താഴെ അങ്ങാടി കൊയിലാണ്ടി വളപ്പിലെ ആടുമുക്കിൽ വയോധികയ്ക്കുനേരെ തെരുവുനായയുടെ അക്രമം. തിങ്കൾ രാവിലെ ഒമ്പതോടെയാണ് സംഭവം. ഒതയോത്ത് സഫിയ(58)ക്കാണ് പരിക്കേറ്റത്. വീട്ടിൽനിന്ന് മുകച്ചേരിഭാഗം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടറെ കാണാൻ പോകുന്നതിനിടെ നായകൾ ആക്രമിക്കുകയായിരുന്നു. കൈക്കും കാലിനും കടിയേറ്റു. വടകര ഗവ. ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. അഞ്ചോളം നായകളാണ് റോഡിൽനിന്നും സഫിയയെ അക്രമിച്ചത്. മറ്റൊരു സ്ത്രീയുടെ പിന്നാലെ പട്ടികൾ ഓടിയെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സ്ത്രീകളുടെ കരച്ചിൽകേട്ട് ഓടിക്കൂടിയവരാണ് ഇവരെ രക്ഷപ്പെടുത്തിയത്. മേഖലയിൽ തെരുവുനായശല്യം രൂക്ഷമാണ്. ഒഴിഞ്ഞ കെട്ടിടങ്ങളിലാണ് ഇവ കൂട്ടത്തോടെ കഴിയുന്നത്. അറവുശാലകളിൽനിന്നും മറ്റും സംസ്കരിക്കാതെ മാംസാവശിഷ്ടം വലിച്ചെറിയുന്നത് നായകൾ പെരുകുന്നതിന് ഇടയാക്കുന്നതായി നാട്ടുകാർ പറഞ്ഞു.