NADAMMELPOYIL NEWS
SEPTEMBER 20/2022
കോഴിക്കോട്> വിഭാഗീയത ശക്തമാകുന്നതിനിടെ കെ എം ഷാജിക്ക് താക്കീതുമായി മുസ്ലീം ലീഗ് നേതൃത്വം. പാര്‍ട്ടിയിലെ ആഭ്യന്തര കാര്യങ്ങള്‍ പുറത്തു പറയുന്നതിന് വിലക്കേര്‍പ്പെടുത്തി. അതേസമയം, ഷാജിക്ക് പിന്തുണയുമായി ഇ ടി മുഹമ്മദ് ബഷീറും, എം കെ മുനീറും, കെ പി എ മജീദും പാണക്കാട്ടെത്തി സാദിഖലി തങ്ങളെ കണ്ടു. നേതൃത്വത്തേയും ലീഗിനേയും പ്രതിസന്ധിയിലാക്കിയ വിവാദ പ്രസംഗങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കെ എം ഷാജിയെ പാണക്കാട്ടേക്ക് വിളിച്ചുവരുത്തിയത്. പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ മുന്നോട്ടു വച്ചത്. പാര്‍ട്ടി കാര്യങ്ങള്‍ പാര്‍ട്ടി വേദിയിലാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും ഷാജിക്ക് നിര്‍ദ്ദേശം നല്‍കിയതായി സാദിഖലി തങ്ങള്‍ പറഞ്ഞു. അനുനയ ചര്‍ച്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഷാജിക്ക് പിന്തുണയുമായി ഇ ടി മുഹമ്മദ് ബഷീറും, എം കെ മുനീറും, കെ പി എ മജീദും പാണക്കാടെത്തിയത്. കെ എം ഷാജിയുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കണമെന്നത് സ്വാഭാവിക ആവശ്യമാണെന്ന് ഇ ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. നേതാക്കളെ വിമര്‍ശിച്ച കെ എസ് ഹംസയെ സസ്‌പെന്‍ഡ് ചെയ്ത നേതൃത്വം കെ എം ഷാജിക്കെതിരായ നടപടി താക്കീതില്‍ ഒതുക്കിയത് വരും ദിവസങ്ങളില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കും