NADAMMELPOYIL NEWS
AUGUST 17/2022

കൊച്ചി: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ 12 മണിക്കൂര്‍ ജോലി ചെയ്യാന്‍ ആവശ്യപ്പെടരുതെന്ന് ഹൈക്കോടതി. സിംഗിള്‍ ഡ്യൂട്ടി വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടത്തേണ്ടതില്ല. തൊഴിലാളികള്‍ക്ക് ശമ്പളം കൊടുത്തിട്ടാവണം വ്യവസ്ഥകള്‍ വയ്ക്കാനെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ശമ്പളം സമയബന്ധിതമായി നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിയ്ക്കുകയായിരുന്നു കോടതി.

ശമ്പളം കൊടുക്കാതെ സ്ഥാപനത്തിന് എത്രനാള്‍ മുന്നോട്ടുപോകാനാവുമെന്ന് കോടതി ചോദിച്ചു. ഓഗസ്റ്റ് 10 നകം ശമ്പളം നല്‍കണമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ ഒരാഴ്ച പിന്നിട്ടിട്ടും ഉത്തരവ് നടപ്പിലായില്ല. കോടതി ഉത്തരവ് എന്തുകൊണ്ടാണ് പാലിയ്ക്കാത്തതെന്നും കോടതി ചോദിച്ചു.
ജൂണിലെ ശമ്പളം കൊടുത്തുതീര്‍ത്തുവെന്നും ഓഗസ്റ്റിലെ ശമ്പളം നല്‍കണമെങ്കില്‍ സര്‍ക്കാര്‍ സഹായം കൂടിയേതീരുവെന്ന്‌ കെ.എസ്.ആര്‍.ടി.സി കോടതിയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ പ്രവര്‍ത്തനം ബുദ്ധമുട്ടിലാകും. ഇതിന് മറുപടിയായി സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ പ്രവര്‍ത്തനം നിര്‍ത്തലാക്കുമോയെന്ന് കോടതി ചോദിച്ചു.
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്ന് കോടതി പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയ്ക്ക് ഒരു മന്ത്രിയുണ്ടെയെന്നും കോടതി ചോദിച്ചു. പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിയ്ക്കാനാവുമെന്ന് കോടതിയ്ക്കും രൂപമില്ല. ആസ്തികള്‍ വില്‍ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിയ്ക്കണം. ശമ്പളം കൊടുക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ചാല്‍ നടപ്പിലാകും. പ്രതിസന്ധി പരിഹരിച്ച് സര്‍ക്കാര്‍ ക്രെഡിറ്റ് എടുത്തുകൊള്ളൂവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
അതിനിടെ കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി തുടരുന്നതിനിടെ അംഗീകൃത യൂണിയനുകളുമായി നടത്തിയ മന്ത്രിതല ചര്‍ച്ച പരാജയം. ഗതാഗത മന്ത്രി ആന്റണി രാജു, തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി എന്നിവരാണ് യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ച നാളെയും തുടരും.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി വേണമെന്നാണ് മാനേജ്‌മെന്റ് നിലപാട്. ഇത് യൂണിയനുകള്‍ അംഗീകരിച്ചില്ല. 8 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്ക് ശേഷമുള്ള സമയത്തിന് അധിക വേതനമാണ് യൂണിയനുകള്‍ മുന്നോട്ട് വെയ്ക്കുന്നത്. എല്ലാ മാസവും അഞ്ചാം തിയതിക്കകം ശമ്പളം വിതരണം ചെയ്യണമെന്നും യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

കെ എസ് ആര്‍ ടി സിയിലെ സാമ്പത്തിക ഞെരുക്കം രൂക്ഷമായി തുടരുകയാണ്. 90% തൊഴിലാളികളും ജൂലൈ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല. ശമ്പള കാര്യത്തില്‍ ഹൈക്കോടതിക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ ആവാത്ത മാനേജ്‌മെന്റിനേയും സര്‍ക്കാരിനെയും രൂക്ഷമായ ഭാഷയിലാണ് കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *