ഘോരവനങ്ങള്‍, നീല ജലാശയങ്ങള്‍ ഒപ്പം പോയകാലത്തിന്റെ കഥ പറയുന്ന ചരിത്ര അവശേഷിപ്പുകളും.ആന്‍ഡമാന്‍ ദ്വീപിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ പലതാണ്.ആന്‍ഡമാന്‍ കാണാന്‍ താത്പര്യമുള്ളവര്‍ക്ക് ടൂര്‍ പാക്കേജ് ഒരുക്കുകയാണ് ഐആര്‍സിടിസി. ( andaman tour packages irctc )
572 ദ്വീപ് സമൂഹങ്ങളാണ് ആന്‍ഡമാനിലുള്ളത്. ഇവയില്‍ ചിലതില്‍ ആള്‍താമസമുണ്ടെങ്കിലും ഭൂരിഭാഗം ദ്വീപും ഇപ്പോഴും നിഗൂഢതകള്‍ ഒളിപ്പിച്ച് ആള്‍പാര്‍പ്പില്ലാതെ കിടക്കുന്നു. ആറ് പകലുകളും അഞ്ച് രാത്രിയുമുള്ള ഐആര്‍സിടിസി ടൂര്‍ പാക്കേജില്‍ എന്തെല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നോക്കാം
ആദ്യ ദിവസം
ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയര്‍ എത്തിച്ചേരുന്ന സഞ്ചാരിയെ ടൂര്‍ പാക്കേജ് പ്രതിനിധി വന്ന് ഹോട്ടലിലേക്ക് കൊണ്ടുപോകും. ഉച്ച ഭക്ഷണത്തിന് ശേഷം കോര്‍ബിന്‍സ് കോവ് ബീച്ചിലേക്ക് കൊണ്ടുപോകും. പിന്നീട് സ്വാതന്ത്ര്യ സമരത്തിന്റെ ഓര്‍മകള്‍ പേറുന്ന സെല്ലുലാര്‍ ജയിലിലേക്കും കൊണ്ടുപോകും. ഇവിടെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഒരുക്കിയിരിക്കും. പോര്‍ട്ട് ബ്ലെയറിലാണ് രാത്രി താമസം
രണ്ടാം ദിവസം
രണ്ടാം ദിവസം പ്രഭാത ഭക്ഷണം കഴിഞ്ഞ് റോസ് ഐലന്‍ഡിലേക്ക് യാത്ര പോകാം. ബ്രിട്ടീഷ് ഭരണകാലത്ത് പോര്‍ട്ട് ബ്ലെയറിന്റെ തലസ്ഥാനമായിരുന്നു റോസ് ഐലന്‍ഡ്. ഇവിടെ പുരാതന കെട്ടിടങ്ങളായ ചീഫ് കമ്മീഷ്ണര്‍ ഓഫിസ്, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ്, ക്രിസ്ത്യന്‍ പള്ളി, ശവക്കല്ലറകള്‍ എന്നിവയുടെ അവശേഷിപ്പുകള്‍ കാണാം. ഇതിന് ശേഷം നോര്‍ത്ത് ബേ ഐലന്‍ഡും കാണാം. ഇവിടെ നിരവധി വാട്ടര്‍ സ്‌പോര്‍ട്ട്‌സുകള്‍ ഉണ്ട്. അവ ആസ്വദിക്കാം. വൈകുന്നേരം ഷോപ്പിംഗ് നടക്കാം. തിരികെ പോര്‍ട്ട് ബ്ലെയറിലെ ഹോട്ടല്‍ മുറിയിലേക്ക് മടക്കം.
മൂന്നാം ദിവസം
പൊതിഞ്ഞെടുത്ത പ്രഭാത ഭക്ഷണവുമായി പുലര്‍ച്ചെ തന്നെ പാവ്‌ലോക്ക് ഐലന്‍ഡിലേക്ക് പോകണം. കടല്‍ മാര്‍ഗമായിരിക്കും യാത്ര. രാവിലെ 10 മണിയോടെ അവിടുത്തെ ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യണം. ഉച്ചയ്ക്ക് ലോക് പ്രശസ്ത രാധാ നഗര്‍ ബീച്ചിലും കാലാ പഥര്‍ ബീച്ചിലും സമയം ചെലവിടാം. രാത്രി ഹോട്ടലിലേക്ക് മടങ്ങാം.
നാലാം ദിനം
പ്രഭാത ഭക്ഷണത്തിന് ശേഷം ചെക്കൗട്ട് ചെയ്യണം. സഞ്ചാരിയുടെ സ്വന്തം ചെലവില്‍ എലഫാന്റ ബീച്ചിലേക്ക് യാത്ര പോകാം. തിരികെ ഹാവ്‌ലോക്കില്‍ എത്തണം. ഇവിടുന്ന് ഉച്ച ഭക്ഷണത്തിന് ശേഷം ഫെറിയിലൂടെ നീല്‍ ആലന്‍ഡില്‍ എത്തണം. ഇവിടുത്തെ ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്ത ശേഷം വൈകീട്ടോടെ നാചുറല്‍ ബ്രിഡ്ജിലും ലക്ഷ്മണപുര്‍ ബീച്ചിലെ സൂര്യാസ്തമയവും കാണാം. രാത്രി ഹോട്ടലിലേക്ക് മടങ്ങാം.
അഞ്ചാം ദിനം
പ്രഭാത ഭക്ഷണത്തിന് ശേഷം ഭാരത്പുര്‍ ബീച്ചിലേക്ക് പോകും. ഇവിടെ നിരവധി വാട്ടര്‍ സ്‌പോര്‍ട്ട് ആക്ടിവിറ്റീസ് സഞ്ചാരിയെ കാത്തിരിപ്പുണ്ട്. ഇവിടുന്ന് പോര്‍ട്ട് ബ്ലെയറിലേക്ക് തിരികെ കടല്‍ മാര്‍ഗം സഞ്ചാരം. അവിടെ രാത്രി തങ്ങും.
ആറാം ദിനം- അവസാന ദിനം
വസ്ത്രങ്ങളും മറ്റും പായ്ക്ക് ചെയ്ത് ചെക്ക് ഔട്ട് ചെയ്യണം. നിങ്ങളെ വിമാനത്താവളത്തിലേക്ക് തിരികെ എത്തിക്കും. ഇതോടെ ആന്‍ഡമാന്‍ യാത്ര പൂര്‍ണമാവുകയാണ്.
ചെലവ്
ഒരാള്‍ക്ക് 23,665 രൂപയാണ് ചെലവ് വരുന്നത്. ഇതില്‍ ഹോട്ടല്‍ മുറി, ഷെഡ്യൂള്‍ പ്രകാരമുള്ള യാത്രാ ചെലവുകള്‍, എന്‍ട്രി പര്‍മിറ്റുകള്‍, ടിക്കറ്റ് ചാര്‍ജുകള്‍, ഫോറസ്റ്റ് ഏരിയ പര്‍മിറ്റുകള്‍ എന്നിവ ഉള്‍പ്പെടും. അഞ്ച് ദിവസത്തെ പ്രഭാത ഭക്ഷണവും രാത്രി ഭക്ഷണവും ഇതില്‍ ഉള്‍പ്പെടും. ടാക്‌സി ചാര്‍ജുകളും മറ്റ് യാത്രാ നിരക്കുകളും ഇതില്‍ ഉള്‍പ്പെടും. മറ്റ് ടാക്‌സ് നിരക്കുകളും ഉള്‍പ്പെടും.
റൂം സര്‍വീസ്, ക്യാമറ ചാര്‍ജ്, മസാജിംഗ്, സലൂണ്‍, ബെവറേജ്, ഉച്ച ഭക്ഷണം തുടങ്ങിയ വ്യക്തിപരമായ ചെലവുകള്‍ ഈ പാക്കേജില്‍ ഉള്‍പ്പെടില്ല. എലഫാന്റ ബീച്ചിലേക്ക് സ്വന്തം ചെലവില്‍ വേണം സഞ്ചാരി പോകാന്‍. വാട്ടര്‍ സ്‌പോര്‍ട്ട് ആക്ടിവിറ്റീസിനുള്ള പണവും സഞ്ചാരി വഹിക്കണം.