മത്സ്യ മഴയെ കുറിച്ചും, ആസിഡ് മഴയെ കുറിച്ചും ഒക്കെ നമ്മള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ മത്സ്യങ്ങള്‍ക്ക് പകരം മൃഗങ്ങളാണ് വീഴുന്നതെങ്കിലോ? അതെ തെലുങ്കാനയില്‍ കഴിഞ്ഞ വെള്ളിയാഴ്ച ആളുകള്‍ കണ്ടത് ഇതുവരെ കാണാത്ത ഒരു പ്രതിഭാസമായിരുന്നു. ആകാശത്തില്‍ നിന്ന് വീണത് തവളകള്‍, ഞണ്ടുകള്‍ എന്നിവയായിരുന്നു. ഒപ്പം ആകാശത്തുനിന്ന് മത്സ്യങ്ങളും വീണു.
ജഗ്തിയാല്‍ പട്ടണത്തിലെ സായ് നഗറിലാണ് സംഭവം. വെള്ളിയാഴ്ചയും ശനിയാഴ്ചയും ആകാശത്ത് നിന്ന് ജലജീവികള്‍ മഴയായി വര്‍ഷിക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ ആളുകള്‍ വിരണ്ടു പോയി. പ്രദേശത്ത് ആ ദിവസങ്ങളില്‍ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഇത്തരം സംഭവങ്ങള്‍ നമ്മുടെ രാജ്യത്ത് കുറവാണെങ്കിലും, ലോകത്തിന്റെ പല ഭാഗത്തും ഇത് സംഭവിക്കാറുണ്ട്. ഇതിന് കാരണമെന്ന് പറയപ്പെടുന്നത് ഒരു അപൂര്‍വ കാലാവസ്ഥാ പ്രതിഭാസമാണ്. ഞണ്ട്, ചെറിയ മത്സ്യങ്ങള്‍, തവളകള്‍ തുടങ്ങിയ ചെറിയ ജലജീവികളെ വാട്ടര്‍ സ്പൗട്ടുകള്‍ വലിച്ചെടുക്കുകയും, പിന്നീട്, വാട്ടര്‍ സ്പൗട്ടിന് ശക്തി നഷ്ടപ്പെടുമ്പോള്‍, ജീവികള്‍ മഴയായി വര്‍ഷിക്കുകയും ചെയ്യുന്നതാണ് അത്.
എ ഡി ഒന്നാം നൂറ്റാണ്ടില്‍ റോമന്‍ പ്രകൃതിശാസ്ത്രജ്ഞനായ പ്ലിനി ദി എല്‍ഡറാണ് ഈ സംഭവം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.
ചിറകുകളില്ലാത്ത, പറക്കാനാവാത്ത മൃഗങ്ങളാണ് ഇത്തരം പ്രതിഭാസത്തിന് ഇരകളാകുന്നത്. 2005-ല്‍, വടക്കുപടിഞ്ഞാറന്‍ സെര്‍ബിയയിലെ ഒഡ്‌സാസി നഗരത്തില്‍ പെയ്ത മഴയില്‍ ആയിരക്കണക്കിന് തവളകള്‍ മഴയോടൊപ്പം താഴെ പതിച്ചതായി പറയപ്പെടുന്നു. അതുപോലെ, 2009-ല്‍ ജപ്പാനിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് തവളകള്‍ക്ക് പകരം വാല്‍മാക്രികളാണ് ഭൂമിയില്‍ പതിച്ചത്.
നമ്മുടെ രാജ്യത്തും കഴിഞ്ഞ വര്‍ഷം മത്സ്യങ്ങള്‍ മഴയായി പെയ്ത ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. ഒക്ടോബറില്‍ ഉത്തര്‍പ്രദേശിലെ ബദോഹി ജില്ലയിലായിരുന്നു അത്.
ആകാശത്ത് നിന്ന് മത്സ്യങ്ങള്‍ വീഴാന്‍ തുടങ്ങിയതും ആളുകള്‍ പരിഭ്രമിച്ചു പോയി. ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും ഒപ്പം കടല്‍ ജീവികളും മണ്ണില്‍ പതിച്ചു. പ്രദേശം മുഴുവന്‍ ചെറിയ മത്സ്യങ്ങളെ കൊണ്ട് മൂടി. ഈ പ്രതിഭാസത്തെ കുറിച്ചുള്ള വാര്‍ത്ത പരന്നതോടെ പ്രദേശവാസികള്‍ വീണു കിടക്കുന്ന മത്സ്യങ്ങളെ ശേഖരിക്കാനായി അവിടെ ഓടി കൂടി.
മേല്‍ക്കൂരകളില്‍ നിന്നും, വയലുകളില്‍ നിന്നും, പറമ്പുകളില്‍ നിന്നും ഒക്കെയായി 50 കിലോഗ്രാം മത്സ്യം നാട്ടുകാര്‍ക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം വിഷാംശം കലര്‍ന്ന മീനുകളായിരിക്കുമോ ഇതെന്ന് ഭയന്ന് ചില ആളുകള്‍ അത് ഉപയോഗിക്കാതെ, കുളങ്ങളിലും, അരുവികളിലും കൊണ്ട് പോയി തള്ളിയെന്നും പറയപ്പെടുന്നു.