മക്ക/മദീന: ജീവിതാഭിലാഷം പൂവണിഞ്ഞ ആത്മ നിര്‍വൃതിയില്‍ ഈ വര്‍ഷത്തെ ഹജ്ജിനു പൂര്‍ണ്ണ പരിസമാപ്തിയായി.ആറു ദിവസത്തെ വിശുദ്ധ കര്‍മ്മങ്ങള്‍ക്കായി തോളോട് തോള്‍ ചേര്‍ന്ന നിന്ന ഹാജിമാര്‍ കണ്ണീരോടെയാണ് മിനാ താഴ്വാരം വിട്ടിറങ്ങിയത്. കര്‍മ്മങ്ങള്‍ ഏറ്റവും പരിപൂര്‍ണ്ണമായി പൂര്‍ത്തിയാക്കിയ ഹാജിമാര്‍ ചൊവ്വാഴ്ച്ച ഉച്ചയോടെ തന്നെ മിനാ താഴ്‌വാരം വിട്ടിറങ്ങി. ഇനി തീര്‍ത്ഥാടകരുടെ ലക്ഷ്യം പുണ്യ മദീനയാണ്. ചൊവ്വാഴ്ച്ച ഹജ്ജിന്റെ കര്‍മ്മങ്ങള്‍ പൂര്‍ണ്ണമായും കഴിഞ്ഞതോടെ തീര്‍ത്ഥാടകര്‍ വിടവാങ്ങല്‍ ത്വവാഫും പൂര്‍ത്തിയാക്കി മക്കയോട് സലാം പറഞ്ഞു അടുത്ത ലക്ഷ്യമായ മദീനയിലേക്ക് പ്രയാണം തുടങ്ങി കഴിഞ്ഞു. തിങ്കളാഴ്ച്ച തന്നെ ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പരിസമാപ്‌തി കുറിച്ച്‌ പകുതിയിലധികം ഹാജിമാരും മിനായില്‍ നിന്നും വിടവാങ്ങിയിരുന്നെങ്കിലും ബാക്കിയുള്ളവര്‍ ചൊവ്വാഴ്ചയാണ്‌ പരിപൂര്‍ണ്ണ കര്‍മ്മങ്ങളോടെ മിനായില്‍ നിന്നും വിടവാങ്ങിയത്. ഇവരാണ് ഇനി മദീനയിലേക്കും സ്വന്തം നാടുകളിലേക്കും തിരിക്കുന്നത്.

ഹജ്ജിനു മുന്നോടിയായി മദീനയില്‍ വന്നിറങ്ങി പ്രവാചക നഗരി സന്ദര്‍ശനം നടത്തിയ വിദേശ ഹാജിമാര്‍ ജിദ്ദയിലെത്തി നേരിട്ട് നാട്ടിലേക്ക് യാത്ര തിരിക്കും. മലയാളി ഹാജിമാര്‍ മുഴുവന്‍ മദീനയിലാണ് വന്നിറങ്ങിയിരുന്നത്. അതിനാല്‍ ഇവര്‍ മക്കയില്‍ നിന്ന് നാട്ടിലേക്ക് തിരിക്കും. ജൂലൈ 15 ണ് കൊച്ചിയിലേക്കാണ് മടക്ക വിമാനം. 377 പേരാണ് ആദ്യ വിമാനത്തില്‍ ഉണ്ടാകുക. ഓഗസ്റ്റ് ഒന്നിന് മുഴുവന്‍ മലയാളി ഹാജിമാരും നാട്ടിലെത്തും. നേരത്തെ മക്കയില്‍ എത്തിയ വിദേശികളാണ് ഇപ്പോള്‍ ഹജ്ജിനു ശേഷം മദീനയിലെ പ്രവാചക നഗരിയിലേക്ക് പുറപ്പെടുന്നത്. 24637 ഹാജിമാരാണ് മദീനയില്‍ നിന്ന് മടക്ക യാത്ര നടത്തുക. മദീനയില്‍ എട്ട് ദിവസം കഴിഞ്ഞ ശേഷം ഇവര്‍ക്ക് ഇവിടെ വെച്ചായിരിക്കും യാത്രാ വിമാനം. നേരത്തെ മക്കയിലേക്ക് നേരിട്ടെത്തിയ ഇന്ത്യന്‍ ഹാജിര്‍ മദീനയിലെത്തി എട്ടു ദിവസത്തിനു ശേഷമാണ് മടക്കം. തീര്‍ത്ഥാടകരെ ജിദ്ദ വിമാനത്താവളത്തിലേക്കും മദീന സന്ദശര്‍ശനത്തിനും അയക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും ഇന്ത്യന്‍ ഹജ്ജ് മിഷന്‍ സ്വീകരിച്ചിട്ടുണ്ട്.

മദീനയിലെത്തുന്ന തീര്‍ഥാടകര്‍ ജന്നതുല്‍ ബഖീഅ്, മസ്ജിദ് ഖുബാ, മസ്ജിദുല്‍ ഫത്ഹ്്, മസ്ജിദുല്‍ ഖിബ്‌ലതൈന്‍, ഉഹ്ദ് താഴ്വര തുടങ്ങിയ ചരിത്ര സ്മാരകങ്ങളും കൂടി സന്ദര്‍ശിച്ച ശേഷമായിരിക്കും മദീനയോട് വിട പറയുക. ഈ വര്‍ഷത്തെ ഹജ്ജ് സുഗമമായി പര്യവസാനിച്ച്‌ തീര്‍ത്ഥാടകര്‍ മദീനയെ ലക്ഷ്യമാക്കി യാത്ര തിരിക്കുമ്ബോള്‍ തീര്‍ഥാടകര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും മസ്ജിദുന്നബവിയിലും പ്രവാചക നഗരിയില്‍ പൊതുവെയും സഊദി അധികൃതര്‍ തയാറാക്കിയിട്ടുണ്ട്. ഹജ്ജ് തീര്‍ഥാടകരടക്കം നമസ്കാരത്തിനത്തെുന്നവരുടെ ബാഹുല്യം കണക്കിലെടുത്ത് എല്ലാ സുരക്ഷാ സന്നാഹങ്ങളും തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനങ്ങളും മറ്റും ഏര്‍പ്പെടുത്താന്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കി.
മദീന മുനവ്വറ ആരോഗ്യ കാര്യാലയം തീര്‍ഥാടകര്‍ക്കാവശ്യമായ ആരോഗ്യ സുരക്ഷാ പദ്ധതി തയ്യാറാക്കിയിട്ടുണ്ട് . തീര്‍ഥാടകരുടെ വാസ സ്ഥലങ്ങളിലും മസ്ദജിദുന്നബവി പരിസരങ്ങളിലുമെല്ലാം അടിയന്തിര ചികില്‍സാ വിഭാഗങ്ങളും ആംബുലന്‍സ് സര്‍വീസുകളും പ്രവര്‍ത്തന സജ്ജമാണ്. ഹജ്ജിനായി എത്തിച്ചേര്‍ന്ന 7.79 ലക്ഷം ഹാജിമാരില്‍ പകുതിയിലധികം ഹാജിമാരും ജിദ്ദയിലാണ് വിമാനമിറങ്ങിയത്. ഇവരൊക്കെയും ഹജ്ജിനു ശേഷം മദീന സന്ദര്‍ശനം നടത്തുന്നവരാണ്.കൂടാതെ ആഭ്യന്തര തീര്‍ത്ഥാടകരും ഇവിടെ എത്തിച്ചേരുന്നതോടെ മദീന ഏതാനും ദിവസങ്ങള്‍ ജന നിബിഢമാകും.

Leave a Reply

Your email address will not be published. Required fields are marked *