NADAMMELPOYIL NEWS
JULY 11/2022
പൊന്നാനി; കാലവർഷവും കടൽക്ഷോഭവും ഭീഷണിയായതോടെ ഭാരതപ്പുഴയിലെ ഉല്ലാസ ബോട്ടുകൾക്ക് കർശന നിയന്ത്രണം. കാലാവസ്ഥ അനുകൂലമാവുന്ന സമയത്തുമാത്രമേ ബോട്ട് പുഴയിൽ ഇറക്കാൻ പാടുള്ളൂ. വൈകിട്ട് ആറുവരെമാത്രമേ യാത്ര അനുവദിക്കൂവെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് പോർട്ട് ഓഫീസർ അശ്വിൻ പ്രതാപ് പറഞ്ഞു. ഭാരതപ്പുഴ കടലിനോടുചേരുന്ന അഴിമുഖം ഭാഗത്ത് അപകടസാധ്യത ഏറെയാണ്. സൂര്യാസ്തമയത്തിനുശേഷം ഒരു കാരണവശാലും യാത്രപാടില്ല. ബോട്ടിന്റെയും ഉടമയുടെയും പേരും കയറാവുന്ന ആളുകളുടെ എണ്ണവും ബോട്ടിലെ ലൈഫ് ജാക്കറ്റും ലൈഫ് ബോയും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനവും ഉൾപ്പെടുന്ന മുന്നറിയിപ്പ് ബോർഡ് ബോട്ടിൽ കയറുന്ന ഭാഗത്ത് വയ്ക്കണം. അനുവദനീയമായതിനേക്കാൾ കൂടുതൽ ആളുകളെ ഒരു കാരണവശാലും കയറ്റരുത്. പ്രദേശത്ത് പൊലീസിന്റെ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. പൊന്നാനി ബീച്ചിലും ഹാർബറിലും സന്ദർശകർക്ക് വിലക്ക് പൊന്നാനി കാലവർഷവും കടൽക്ഷോഭവും ശക്തിയാർജിച്ചതോടെ പൊന്നാനി ബീച്ചിലും ഹാർബറിലും സന്ദർശകർക്ക് രണ്ട് ദിവസം വിലക്ക്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം പൊന്നാനി പൊലീസാണ് തിങ്കളാഴ്‌ചവരെ നിയന്ത്രണമേർപ്പെടുത്തിയത്. പ്രധാന റോഡിൽനിന്ന് ബീച്ചിലേക്കും ഹാർബറിലേക്കും പോവുന്ന വഴികളെല്ലാം കയറു കെട്ടി അടച്ചു. കലക്ടറുടെ നിർദേശപ്രകാരമാണ് നടപടിയെന്ന് പൊന്നാനി സിഐ വിനോദ് വലിയാറ്റൂർ പറഞ്ഞു.