പാലക്കാട് മലമ്ബുഴയില്‍ ഉറങ്ങിക്കിടന്ന നാലരവയസുകാരന്‍ പാമ്ബ് കടിയേറ്റ് മരിച്ചു. മലമ്ബുഴ അകമലവാരം വലിയകാട് എന്‍.രവീന്ദ്രന്റെ മകന്‍ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്.അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയുടെ ദേഹത്തേക്ക് വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് പാമ്ബ് വീഴുകയായിരുന്നു. കുട്ടിയുടെ മൂക്കിലാണ് പാമ്ബുകടിയേറ്റത്.

ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ അമ്മവീട്ടില്‍ വച്ചാണ് പാമ്ബുകടിയേറ്റത്. ശംഖുവരയനാണ് കടിച്ചതെന്നാണ് വീട്ടുകാര്‍ പറയുന്നത്. വീട്ടിലെ കിടപ്പുമുറിയില്‍ നിലത്ത് പായ വിരിച്ച്‌ ബിബിതയും കുഞ്ഞും ഉറങ്ങുകയായിരുന്നു. ഷീറ്റിട്ട വീടിന്റെ മേല്‍ക്കൂരയില്‍ നിന്നാണു പാമ്ബു കുട്ടിയുടെ മുഖത്തു വീണത്. കുട്ടിയുടെ നിലവിളി കേട്ട് ഉണര്‍ന്ന അമ്മ പരിശോധിച്ചപ്പോഴാണ് അദ്വിഷിന്റെ മൂക്കില്‍ ചോരപ്പാടുകള്‍ കണ്ടത്. കട്ടിലിനടിയില്‍ പാമ്ബിനെ കണ്ടെത്തി.

കുട്ടിയെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. കൊട്ടേക്കാട് കാളിപ്പാറ വികെഎന്‍ എല്‍പി സ്കൂളില്‍ യുകെജി വിദ്യാര്‍ഥിയാണ്. ഇതേ സ്കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ അദ്വൈദാണു സഹോദരന്‍.


Leave a Reply

Your email address will not be published. Required fields are marked *