ദില്ലി: ചരക്ക് സേവന നികുതി (GST) യുടെ കീഴില്‍ കൊണ്ടുവന്ന പുതിയ ഉത്പന്നങ്ങള്‍ അടക്കമുള്ള ചില സാധനങ്ങളുടെ ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി നിരക്ക് ജൂലൈ 18 മുതല്‍ ഉയരുമെന്ന് ധനമന്ത്രാലയം അറിയിച്ചു.ബ്രാന്‍ഡ് ചെയ്യാത്തതും എന്നാല്‍ പായ്ക്ക് ചെയ്തതുമായ (പ്രാദേശിക) പാലുല്‍പ്പന്നങ്ങളും കാര്‍ഷിക ഉല്‍പന്നങ്ങളും 5 ശതമാനം നികുതി നിരക്ക് എന്ന സ്ലാബിലേക്ക് ചേര്‍ക്കും എന്ന് കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായിരുന്നു. ജൂലൈ 18 മുതല്‍ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരും.
പനീര്‍, ലസ്സി, മോര്, പായ്ക്ക് ചെയ്ത തൈര്, ഗോതമ്ബ് പൊടി, മറ്റ് ധാന്യങ്ങള്‍, തേന്‍, പപ്പടം, ഭക്ഷ്യധാന്യങ്ങള്‍, മാംസം, മത്സ്യം (ശീതീകരിച്ചത് ഒഴികെ), ശര്‍ക്കര തുടങ്ങിയ പാക്ക് ചെയ്ത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ജൂലൈ 18 മുതല്‍ വില കൂടും.
*ചെറുകിട ഓണ്‍ലൈന്‍ റീട്ടെയിലര്‍മാര്‍ക്കുള്ള നിര്‍ബന്ധിത രജിസ്ട്രേഷന്‍ ഒഴിവാക്കി ജിഎസ്ടി കൗണ്‍സില്‍
അസംഘടിത മേഖലയെ ഉത്തേജിപ്പിക്കാന്‍ ലക്ഷ്യമിട്ട്, ചെറുകിട ഓണ്‍ലൈന്‍ വില്‍പ്പനക്കാരുടെ നിര്‍ബന്ധിത രജിസ്ട്രേഷന്‍ ഒഴിവാക്കാന്‍ അനുമതി നല്‍കി ജിഎസ്ടി കൗണ്‍സില്‍. നിയമത്തിലെ മാറ്റങ്ങള്‍ 2023 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും.
ഈ നീക്കം ഏകദേശം 120,000 ചെറുകിട വ്യാപാരികള്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് സൂചന. കൂടാതെ കോമ്ബോസിഷന്‍ ഡീലര്‍മാരെ ഇ-കൊമേഴ്‌സ് ഓപ്പറേറ്റര്‍മാര്‍ വഴി അന്തര്‍സംസ്ഥാന വ്യാപാരം ചെയ്യാന്‍ അനുവദിച്ചിട്ടുണ്ട്. 1.5 കോടി രൂപ വരെ വിറ്റുവരവുള്ളവരാണ് കോമ്ബോസിഷന്‍ ഡീലര്‍മാര്‍. ഇവര്‍ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റിനൊപ്പം (ഐടിസി) ഫ്ലാറ്റ് നിരക്കില്‍ ജിഎസ്ടി അടയ്ക്കേണ്ടതുണ്ട്. നിലവില്‍, ഇ-കൊമേഴ്‌സ് ഓപ്പറേറ്റര്‍മാര്‍ വഴി വിതരണം ചെയ്യുന്ന വില്‍പ്പനക്കാര്‍ അവരുടെ വാര്‍ഷിക വിറ്റുവരവ് 20 ലക്ഷം രൂപയ്ക്കോ 40 ലക്ഷം രൂപയ്ക്കോ താഴെ ആണെങ്കില്‍ പോലും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണം.