ഗാലക്‌സി സ്‌മാർട് ഫോണുകളുടെ ജല പ്രതിരോധത്തെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച കേസിൽ സാംസങ്ങിന് 14 ദശലക്ഷം ഡോളർ (ഏകദേശം 109.55 കോടി രൂപ) പിഴ ചുമത്തി. തങ്ങളുടെ ഫോണുകൾ പുഴയിലും കടലിലും സുരക്ഷിതമായി ഉപയോഗിക്കാമെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിനാണ് സാംസങ് ഓസ്‌ട്രേലിയയ്ക്ക് ഇത്രയും വലിയ തുക പിഴ ചുമത്തിയത്.
2016 മാർച്ച് മുതൽ 2018 ഒക്‌ടോബർ വരെ നടന്ന പരസ്യ ക്യാംപയ്‌നിൽ സാംസങ് ഗാലക്‌സി ഫോണുകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളാണ് ഉന്നയിച്ചത്. ഭാവിയിൽ വെള്ളത്തിനടിയിൽ നിന്നും സെൽഫിയെടുക്കാം, 1.5 മീറ്റർ താഴ്ചയിൽ, 30 മിനിറ്റ് വരെ ഫോൺ ജലത്തെ പ്രതിരോധിക്കുമെന്നുമാണ് പരസ്യത്തിൽ പറഞ്ഞിരുന്നത്.
സാംസങ് ഇലക്‌ട്രോണിക്‌സ് ഓസ്‌ട്രേലിയ തങ്ങളുടെ ഗാലക്‌സി മൊബൈൽ ഫോണുകളുടെ ജല പ്രതിരോധത്തെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് ഫെഡറൽ കോടതിയെയാണ് സമീപിച്ചിരുന്നത്. ഗാലക്‌സി ഫോണുകൾ വെള്ളത്തിൽ മുങ്ങിയാൽ അവയുടെ ചാർജിങ് പോർട്ടുകൾ തുരുമ്പെടുക്കുമെന്നും നനഞ്ഞിരിക്കുമ്പോൾ ചാർജ് ചെയ്‌താൽ പ്രവർത്തനം നിലയ്ക്കുമെന്നും പിന്നീട് സാംസങ് തന്നെ സമ്മതിച്ചിരുന്നു.
വെള്ളത്തിൽ വീണ ഫോണുകൾക്ക് പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതായി നിരവധി പരാതികളാണ് ലഭിച്ചത്. പല കേസുകളിലും ഫോൺ പ്രവർത്തിക്കുന്നില്ലെന്നും കണ്ടെത്തിയെന്ന് ഓസ്‌ട്രേലിയൻ കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ (ACCC) വക്താവ് പറഞ്ഞു. സാംസങ്ങിന്റെ വാട്ടർ റെസിസ്റ്റൻസ് അവകാശവാദങ്ങൾ ഗാലക്‌സി ഫോണുകളുടെ ഒരു പ്രധാന വിൽപന തന്ത്രമായിരുന്നു എന്നും അവ വാങ്ങിയ പലരും പരസ്യങ്ങൾ നേരത്തേ കണ്ടിരിക്കാമെന്നും അവർ ആരോപിച്ചു.
എസ്7, എസ്7 എഡ്ജ്, എ5 ,എ7, എസ്8, എസ്8 പ്ലസ്, നോട്ട് 8 തുടങ്ങി ഫോണുകളുടെ പേരിലാണ് വാറ്റർ റെസിസ്റ്റൻസ് അവകാശവാദം ഉന്നയിച്ചത്. ഈ മോഡലുകളിലുള്ള 31 ലക്ഷത്തിലധികം ഫോണുകൾ ഓസ്‌ട്രേലിയയിൽ വിറ്റിട്ടുണ്ട്.